ഇല്ലിനോയിസ്(യു.എസ്): ഇല്ലിനോയിസ് ഹൈലാന്‍ഡ് പാര്‍ക്കില്‍ യു.എസ്. സ്വാതന്ത്ര്യദിന പരേഡ് നടക്കുന്നതിനിടെ ആറുപേരെ വെടിവച്ചുകൊന്ന പ്രതി പിടിയില്‍. വ്ളോഗര്‍ കൂടിയായ റോബര്‍ട്ട് ബോബി ക്രിമോ(22) ആണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ യൂടൂബില്‍ സംഗീതമാസ്വദിക്കുന്ന പ്രതിയെയാണ് കണ്ടതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
സ്വാതന്ത്ര്യദിന പരേഡ് നടക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് റോബര്‍ട്ട് കാണികള്‍ക്കുനേരേ വെടിവയ്ക്കുകയായിരുന്നു. ആറു പേര്‍ മരിച്ചു, അന്‍പത്തഞ്ചോളം പേര്‍ക്കു പരുക്കേറ്റു. പ്രാദേശിക സമയം രാവിലെ 10.15 നായിരുന്നു വെടിവയ്പ്. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ െവെകിട്ട് 6.30 നാണു പ്രതിയുടെ വീട്ടില്‍ പോലീസെത്തിയത്.
അപ്പോള്‍ ശാന്തനായി കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന റോബര്‍ട്ടിനെയാണു പോലീസ് കണ്ടത്.
അപകടകാരിയായ വ്യക്തിയാണു പ്രതിയെന്നാണു പൊലീസിന്റെ നിലപാട്. യു.എസ്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത ആരാധകനായ റോബര്‍ട്ട് ട്രംപിനായി സാമൂഹിക മാധ്യമങ്ങളില്‍ക്കൂടി ശക്തമായി വാദിച്ചിരുന്നു. വെടിവയ്പ് നടത്തിയശേഷം സാധാരണപോലെയാണു ബോബി പെരുമാറിയതെന്ന് അമ്മാവനായ പോള്‍ ക്രിമോ പറഞ്ഞു.
ജൂലൈ നാലിനാണു യു.എസ്. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. യു.എസില്‍ നടക്കുന്ന ഏറ്റവും പുതിയ കൂട്ടവെടിവയ്പ്പാണ് ഷിക്കാഗോയിലേത്്. ഈ വര്‍ഷം എല്ലാ ആഴ്ചയിലും വെടിവയ്പ്പ് നടക്കുന്നതായാണു റിപ്പോര്‍ട്ട്. സ്വാതന്ത്ര്യ ദിന ആഘോഷത്തിനിടെ ഫിലാഡല്‍ഫിയയിലുണ്ടായ മറ്റൊരു അക്രമത്തില്‍ രണ്ടു പോലീസുകാര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.