മത്തി ഒളിവില്‍; കേരളം വിട്ടെന്ന് റിപ്പോര്‍ട്ട്; സ്വാധീനം വര്‍ധിപ്പിച്ച് ചെമ്മീനും കൂന്തലും കിളിമീനും
കൊച്ചി: കേരളത്തില്‍ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ(സി.എം.എഫ്.ആര്‍.ഐ) പഠനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവുണ്ടായതായാണ് പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം കേവലം 3297 ടണ്‍ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചത്.
മത്തിയുടെ ലഭ്യതയില്‍ 1994ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്. വാര്‍ഷിക ശരാശരിയേക്കാള്‍ 98 ശതമാനമാണു കുറഞ്ഞത്. കേരളത്തിലെ ആകെ സമുദ്രമത്സ്യലഭ്യത 2021 ല്‍ 5.55 ലക്ഷം ടണ്ണാണ്. കോവിഡ് കാരണം മീന്‍പിടിത്തം വളരെ കുറഞ്ഞ 2020 നേക്കാള്‍ 54 ശതമാനം വര്‍ധനയാണ് ആകെ മത്സ്യലഭ്യതയിലുള്ളത്.
2020-ല്‍ ഇത് 3.6 ലക്ഷം ടണ്ണായിരുന്നു. 2014-ല്‍ ലാന്‍ഡിങ് സെന്ററുകളില്‍ ലഭിച്ചിരുന്ന മത്തിയുടെ വാര്‍ഷിക മൂല്യം 608 കോടി രൂപയായിരുന്നത് 2021ല്‍ 30 കോടി രൂപയായി കൂപ്പുകുത്തി. 578 കോടി രൂപയുടെ നഷ്ടമാണ് മത്സ്യമേഖലയില്‍ സംഭവിച്ചത്.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഏറ്റവും പിടിക്കപ്പെട്ട മത്സ്യം ”മറ്റിനം ചാളകള്‍” എന്നു വിളിക്കപ്പെടുന്ന ലെസര്‍ സാര്‍ഡിനാണ്. 65,326 ടണ്‍. അയലയും തിരിയാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ചാള, മണങ്ങ്, മുള്ളന്‍, ആവോലി എന്നിവ കുറഞ്ഞപ്പോള്‍ ചെമ്മീന്‍, കൂന്തല്‍, കിളിമീന്‍ എന്നിവയുടെ ലഭ്യതയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് സി.എം.എഫ്.ആര്‍.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.