LIFESocial Media

ലീവെടുക്കാതെയുള്ള അച്ഛന്‍െ്‌റ 27 വര്‍ഷത്തെ സേവനത്തിന് സമ്മാനം സിനിമാ ടിക്കറ്റും ചോക്ലേറ്റും; സങ്കടം പങ്കുവച്ച മകള്‍ നേടിയത് രണ്ടുകോടി രൂപ

ലാസ് വെഗാസ്:  27 വര്‍ഷം ഒരു ലീവ് പോലും എടുക്കാതെ ജോലി ചെയ്യുക. ഒട്ടും ലളിതമല്ലാത്തൊരു കാര്യമാണത്.
എന്നാല്‍ ഇങ്ങനെയൊരു അപൂര്‍വ നേട്ടം കൈവരിച്ചിട്ടും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെങ്കിലോ. ആര്‍ക്കായാലും സങ്കടം വരുകതന്നെ ചെയ്യും സംശയമില്ല. തന്‍െ്‌റ അച്ഛന്‍െ്‌റ ഒരു ആയുസ് മുഴുവന്‍ നീണ്ട സേവനം കമ്പനി വേണ്ടവിധം മനസിലാക്കിയില്ല എന്ന മകളുടെ വിഷമം പിതാവിന് നേടിക്കൊടുത്തത് രണ്ടുകോടി രൂപ.

അമേരിക്കയിലെ ലാസ് വെഗാസ് സ്വദേശിയായ കെവിന്‍ ഫോര്‍ഡും സെറീനയുമാണ് ഈ അച്ഛനും മകളും. ഒരു ലീവ് പോലും എടുക്കാതെ ബര്‍ഗര്‍ കിങ് എന്ന കമ്പനിയില്‍ 27 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത വ്യക്തിയാണ് കെവിന്‍ ഫോര്‍ഡ്. കമ്പനിയിലെ കുക്കും കാഷ്യറുമാണ് കെവിന്‍.

അദ്ദേഹത്തിന്റെ ഈ ആത്മാര്‍ത്ഥതയെ സഹപ്രവര്‍ത്തകര്‍ അവരാല്‍ പറ്റും വിധം ആദരിക്കുകയും ചെയ്തു. ഒരു സിനിമാ ടിക്കറ്റും ഒരു സ്റ്റാര്‍ബക്ക് കപ്പും കുറച്ചു ചോക്ലേറ്റുകളും നല്‍കിയാണ് അവര്‍ കെവിനെ അഭിനന്ദിച്ചത്. സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് തനിക്ക് കിട്ടിയ സമ്മാനങ്ങളുടെ ഒരു വീഡിയോയും അമ്പത്തിനാലുകാരനായ കെവിന്‍ ചെയ്തു.

എന്നാല്‍ കമ്പനിയോടും ജോലിയോടുമുള്ള അച്ഛന്‍െ്‌റ ആത്മാര്‍ഥത കണ്ടുവളര്‍ന്ന മകള്‍ സെറീനയ്ക്ക് ഇത് അത്ര തൃപ്തി നല്‍കിയില്ല. അച്ഛന്‍ കുറച്ചുകൂടി വലിയ അംഗീകാരങ്ങള്‍ക്ക് അര്‍ഹനാണെന്ന് വ്യക്തമാക്കി കെവിന്റെ വീഡിയോ സെറീന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കില്‍ പങ്കുവച്ചു. ഈ വീഡിയോ വൈറലാകുകയായിരുന്നു.

‘എന്റെ പേര് സെറീന. ഈ വീഡിയോയിലുള്ളത് എന്റെ അച്ഛനാണ്. ഒരു ലീവു പോലും എടുക്കാതെ അദ്ദേഹം ജോലി ചെയ്തത് നീണ്ട 27 വര്‍ഷമാണ്. ഇപ്പോഴും അതേ കമ്പനിയില്‍ ജോലി ചെയ്തുവരുന്നു. അദ്ദേഹത്തെ കാണാന്‍ ചെറുപ്പമാണെങ്കിലും വിരമിക്കാന്‍ പ്രായമായി വരികയാണ്. അദ്ദേഹം ആരുടേയും പണം ആഗ്രഹിക്കുന്നില്ല. പക്ഷേ ഇത്രയും വര്‍ഷത്തെ ആത്മാര്‍ഥ സേവനത്തിന് അദ്ദേഹത്തിന് അര്‍ഹിച്ച അംഗീകാരം കിട്ടിയില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അദ്ദേഹത്തെ സഹായിക്കാം.’ സെറീന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഒപ്പം ഒരു ഫണ്ട് റൈസിങ് പരിപാടിയും സംഘടിപ്പിച്ചു. അമേരിക്കയിലെ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമായ ‘ഗോഫണ്ടമി’ വഴിയായിരുന്നു ഫണ്ട് റൈസിങ്. ഇതുവഴി രണ്ട് കോടിയോളം രൂപ ആളുകള്‍ സമ്മാനമായി നല്‍കിയപ്പോള്‍ കെവിന്റെ ആത്മാതര്‍ഥതയ്ക്കുള്ള ജനകീയ അംഗീകാരമായി അത് മാറി.

സെറീനയേയും ചേച്ചിയേയും ഒറ്റയ്ക്കുവളര്‍ത്തിയ കെവിന്‍, മക്കളെ ദത്തെടുത്തതു മുതലാണ് ഈ ജോലി ചെയ്യാന്‍ തുടങ്ങിയത്. പിന്നീട് കെവിന്‍ വിവാഹം കഴിക്കുകയും കുഞ്ഞുങ്ങളുണ്ടാകുകയും ചെയ്തു. എന്നാല്‍ ബര്‍ഗര്‍ കിങ് കമ്പനി നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സിലെ ഓഫറുകള്‍ അദ്ദേഹത്തെ അവിടെത്തന്നെ ജോലി തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

ജോലിത്തിരക്ക് മൂലം ന്യൂയോര്‍ക്കില്‍ താമസിക്കുന്ന പേരക്കുട്ടികളേയും കെവിന്‍ നാലു വര്‍ഷമായി കണ്ടിരുന്നില്ല. വീഡിയോ വൈറലായതോടെ എന്‍ബിസി ടുഡേ ചാനലിന്റെ അഭിമുഖത്തിനായി കെവിന്‍ ന്യൂയോര്‍ക്കിലേക്ക് പറന്നു. അങ്ങനെ നാലു വര്‍ഷത്തിന് ശേഷം പേരക്കുട്ടികളേയും അദ്ദേഹം ആദ്യമായി കണ്ടു. ഫണ്ട് റൈസിങ്ങിലൂടെ കിട്ടിയ പണം ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഉപയോഗിക്കുമെന്നും പേരക്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നീക്കിവെയ്ക്കുമെന്നും കെവിന്‍ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: