KeralaNEWS

വീട്ടുകാര്‍ പറയുന്നത് ശരിയെങ്കില്‍ ഉണ്ടായത് ഗുരുതര വീഴ്ച; അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഐ.എം.എ. നിലപാട് തള്ളി എ.കെ. ബാലന്‍

പാലക്കാട്: പ്രസവത്തെ തുടര്‍ന്ന് പാലക്കാട് തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഐഎംഎ നിലപാടിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി എ കെ ബാലന്‍. അമ്മയും കുഞ്ഞും മരിച്ചത് ചികില്‍സ പിഴവ് കൊണ്ടാണോ അല്ലയോ എന്ന് പൂര്‍ണമായും വ്യക്തമാകാതെ ഐ എം എ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ പാടില്ലായിരുന്നു. അന്വേഷണം നടക്കുന്നതിന് മുന്‍പേ എങ്ങനെയാണ് ചികിത്സാ പിഴവില്ലെന്ന് പറയുകയെന്നും എ കെ ബാലന്‍ ചോദിച്ചു.

മരിച്ച ഐശ്വര്യയുടെ കുടുംബം പറയുന്നത് ശരിയെങ്കില്‍ തങ്കം ഹോസ്പിറ്റലില്‍ ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് എ. കെ. ബാലന്‍ പറഞ്ഞു. തങ്കം ആശുപത്രിയില്‍ നിന്ന് ആരും ഉള്‍പ്പെടാത്ത ഒരു വിദഗ്ധ സമിതി ഇത് പരിശോധിക്കട്ടെ. നടപടിക്രമങ്ങള്‍ വേഗത്തില്‍ തുടങ്ങണം എന്നും എ. കെ. ബാലന്‍ പറഞ്ഞു. ഐശ്വര്യയുടെ വീട് എ കെ ബാലന്‍ സന്ദര്‍ശിച്ചു.

Signature-ad

ഏത് അന്വേഷണവും നേരിടാന്‍ തയാറെന്ന് പാലക്കാട് തങ്കം ആശുപത്രി അധികൃതര്‍

നവജാത ശിശുവും അമ്മയും മരിക്കാനിടയായതില്‍ പിഴവില്ലെന്ന് വിശദീകരിച്ച് പാലക്കാട് തങ്കം ആശുപത്രി അധികൃതര്‍. ഐശ്വര്യയുടെ കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ കൊടി ചുറ്റിയിരുന്നു. പ്രസവ സമയത്ത് ഹൃദയമിടിപ്പ് നോക്കുന്നുണ്ടായിരുന്നു. കുഞ്ഞ് പുറത്തേക്ക് വന്നിട്ടും കരഞ്ഞില്ല. തുടര്‍ന്ന് ശിശു രോഗ വിദഗ്ധന്റെ സഹായത്തോടെ എംഐസിയുവില്‍ ചികില്‍സ നല്‍കി. പക്ഷേ കുട്ടിയെ രക്ഷിക്കാനായില്ല.തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം ഐശ്വര്യയുടെ ബന്ധുവായ രേഷ്മയ്ക്ക് കൈമാറി. ബന്ധുക്കളെ അറിയിക്കാതെ കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്‌തെന്ന ആരോപണവും ആശുപത്രി അധികൃതര്‍ തള്ളി. കുഞ്ഞിന്റെ മൃതദേഹം രേഷ്മക്ക് നല്‍കിയെന്ന് വ്യക്തമാക്കുന്ന രേഷ്മ ഒപ്പിട്ട രേഖകള്‍ ആശുപത്രിയിലുണ്ടെന്നും തങ്കം ആശുപത്രി എം ഡി ആര്‍. രാജ്മോഹന്‍ നായര്‍ പറഞ്ഞു.

പ്രസവം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ ഐശ്വര്യയ്ക്ക് രക്തസ്രാവം തുടങ്ങി . രക്തസ്രാവം കുറയ്ക്കാനുള്ള മരുന്നുകളും ചികില്‍സയും നല്‍കിയെങ്കിലും അത് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന വിവരം ബന്ധുക്കളെ അറിയിച്ചു.രക്തം നല്‍കേണ്ടി വരുമെന്നതുള്‍പ്പെടെ ഉള്ള കാര്യങ്ങളും ബന്ധുക്കളെ അറിയിച്ചു. ഇതിനെല്ലാം അനുമതിയും ബന്ധുക്കളില്‍ നിന്ന് വാങ്ങിയെന്നും ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.

ശസ്ത്രക്രിയയിലൂടെ രക്തസ്രാവം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. തുടര്‍ന്ന് രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വന്നു. അതിനുശേഷം തീവ്ര പരിചരണ യൂണിറ്റിലേക്ക് മാറ്റി. ശസ്ത്രക്രിയ വിദഗ്ധന്‍, ജനറല്‍ മെഡിസിന്‍ ഡോക്ടര്‍, ഹൃദ്രോഗ വിദഗ്ധന്‍,നെഫ്രോളജിസ്റ്റ് അങ്ങനെ വിദ്ഗധരടങ്ങുന്ന ഒരു സംഘം ആണ് ഐശ്വര്യയെ ചികില്‍സിച്ചതെന്നും ആശുപത്രി എം ഡി പറയുന്നു. എന്നാല്‍ ഐശ്വര്യയുടെ ശ്വാസകോശത്തിനും തുടര്‍ന്ന് വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം നിലക്കുകയും ചെയ്തതോടെ മരണം സംഭവിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

Back to top button
error: