NEWS

വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയില്‍ ഒറ്റവര്‍ഷംകൊണ്ട് കേരളത്തിന് വന്‍നേട്ടം

തിരുവനന്തപുരം: ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയില്‍ ഒറ്റവര്‍ഷംകൊണ്ട് കേരളത്തിന് വന്‍നേട്ടം.
 
 
2019ലെ ഇരുപത്തെട്ടാം സ്ഥാനത്തുനിന്ന് 2020ല്‍ 75.49 ശതമാനം സ്കോറോടെ പതിനഞ്ചാം സ്ഥാനത്ത് കേരളമെത്തി. കേന്ദ്ര വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാര്‍ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡി.പി.ഐ.ഐ.ടി) ആണ് എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും ഉള്‍പ്പെടുത്തി വ്യവസായ സംരംഭകരുടെ അഭിപ്രായം ശേഖരിച്ച്‌ റാങ്ക് നിശ്ചയിക്കുന്നത്.
 
 
അനുമതികള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ ഭേദഗതികള്‍ വരുത്തിയതും നയപരമായ തീരുമാനങ്ങള്‍ എടുത്തു നടപ്പാക്കിയതും ഈ കുതിച്ചുചാട്ടത്തിന് സഹായിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സുസ്ഥിര വികസനത്തോടെയുള്ള നിക്ഷേപത്തില്‍ ഊന്നല്‍ നല്‍കുന്ന സമഗ്രമായ സമീപനം ദ്രുതഗതിയിലുള്ള നേട്ടത്തിലേക്ക് കേരളത്തെ നയിച്ചുവെന്നും നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിപാടികള്‍ വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ റാങ്കിംഗ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
 
സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങളും സംരംഭങ്ങളും ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ സര്‍ക്കാരിന് കീഴിലുള്ള വ്യാവസായിക, നിക്ഷേപ പ്രോത്സാഹന ഏജന്‍സികള്‍ക്ക് റാങ്കിംഗിലെ ഇപ്പോഴത്തെ പുരോഗതി പ്രചോദനമാകുമെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു.

വ്യവസായസംരംഭ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണന ലഭിക്കുന്ന സംസ്ഥാനമായി മാറാന്‍ ഈ നേട്ടം കേരളത്തെ സഹായിക്കുമെന്ന് കെഎസ്‌ഐഡിസി എം.ഡി: എം.ജി. രാജമാണിക്യം പറഞ്ഞു.എംഎസ്‌എംഇകള്‍, വനിതകളുടെ സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്കായി ആവിഷ്‌കരിച്ച സാമ്ബത്തിക സഹായ പദ്ധതികളുടെ ഏകീകൃത സമീപനം ഭാവിയില്‍ റാങ്കിംഗ് മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Back to top button
error: