IndiaNEWS

ഉദയ്‌പൂർ, അമരാവതി കൊലപാതകങ്ങൾ: എൻഐഎ മേധാവി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ദില്ലി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മേധാവി ദിനകർ ഗുപ്ത കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തി. ദില്ലി പാർലമെന്റ് മന്ദിരത്തിലെ നോർത്ത് ബ്ലോക്കിലെ ഓഫീസിലാണ് എൻഐഎ മേധാവി എത്തിയത്. ഉദയ്പൂർ, അമരാവതി കൊലപാതകങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ എൻഐഎ അന്വേഷണ ചുമതല ഏറ്റെടുത്തിരുന്നു. കേസിലെ അന്വേഷണ പുരോഗതി എൻഐഎ മേധാവി കേന്ദ്രമന്ത്രി അമിത് ഷായെ അറിയിച്ചേക്കും.

അമരാവതിയിൽ മരുന്നുകട ജീവനക്കാരനെ കഴുത്തറുത്ത് കൊന്ന സംഭവം ഐഎസ് മോഡലെന്നാണ് എൻഐഎ വിലയിരുത്തൽ. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. യുഎപിഎ, കൊലപാതക കുറ്റം, കലാപശ്രമം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി എൻഐഎ അന്വേഷണം തുടങ്ങി. ലോക്കൽ പൊലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത എൻഐഎ, കൊലപാതകത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്ന സൂചനയാണ് നൽകുന്നത്.

Signature-ad

‘ഐഎസ് മോഡലിൽ കഴുത്തറുത്തുള്ള കൊലപാതകമാണിത്. സമൂഹത്തിൽ കലാപമുണ്ടാക്കാനുള്ള ശ്രമവും സംശയിക്കണം. വിദേശ ബന്ധമടക്കം അന്വേഷിക്കുമെന്നും’ എൻഐഎ പറഞ്ഞു. നുപൂർ ശർമയെ അനുകൂലിച്ച് വാട്സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചതിലെ പകയെ തുടർന്നാണ് ഉമേഷ് കൊലെയെന്നയാളെ കൊലപ്പെടുത്തിയതെന്നാണ് കേസ്. പക്ഷെ കേസന്വേഷിച്ച പൊലീസ് ആദ്യഘട്ടത്തിൽ മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകം എന്നായിരുന്നു കരുതിയത്.

എന്നാൽ ഉദയ്പൂർ കൊലപാതകത്തിന് പിന്നാലെ അമരാവതിയിലേതും സമാനമെന്ന് ആരോപണം ഉയർന്നതോടെ പൊലീസ് നിലപാട് മാറ്റി. കൊലപാതകം ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിച്ചെന്ന് ആരോപിച്ച് അമരാവതി എംപി നവനീത് റാണെ ഇന്ന് രംഗത്തെത്തി. ഇന്നലെയാണ് അന്വേഷണം ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് വിട്ടത്. കൊട്ടേഷൻ കൊടുത്ത ഇർഫാൻ ഖാൻ എന്നയാളടക്കം ഏഴ് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ യൂസഫ് ഖാൻ എന്ന മൃഗഡോക്ടറെ 2006 മുതൽ അറിയാമെന്ന് കൊല്ലപ്പെട്ട ഉമേഷിന്‍റെ സഹോദരൻ പറഞ്ഞു. യൂസഫ് അംഗമായ ഗ്രൂപ്പിലാണ് ഉമേഷ് പോസ്റ്റിട്ടത്.

Back to top button
error: