CrimeNEWS

പൊള്ളാച്ചിയില്‍നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്തു; മലയാളി യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

കുട്ടിയെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പോലീസ്

പൊള്ളാച്ചി: പൊള്ളാച്ചി ജനറല്‍ ആശുപത്രിയില്‍ നിന്ന് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പാലക്കാട് കൊടുവായൂര്‍ സ്വദേശി ഷംന അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ 2 മണിയോടെ ഷംന, ഭര്‍ത്താവ് മണികണ്ഠന്‍ എന്നിവരെ പൊള്ളാച്ചി പോലീസ് ആണ് കൊടുവായൂരില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്.

കുട്ടിയെ കടത്തിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്കം പ്രതികളെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് രാവിലെ നാല് മണിയോടെ കുട്ടിയെ വീണ്ടെടുത്തതത്.

Signature-ad

ഇന്നലെ രാവിലെ അഞ്ച് മണിക്കാണ് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് പൊള്ളാച്ചി ജനറല്‍ ആശുപത്രിയില്‍ നിന്ന് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കടത്തിക്കൊണ്ട് പോയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും കുട്ടിയേയും കൊണ്ട് സ്ത്രീകള്‍ ബസ് സ്റ്റാന്‍ഡിലും റയില്‍വേ സ്റ്റേഷനിലും എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. 2 ഡിഎസ്പിമാരുടെ ചുമതലയില്‍ 12 പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ച് ഉടനടി അന്വേഷണം തുടങ്ങി.

24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചത് 769 സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങള്‍. പൊള്ളാച്ചി മുതല്‍ കോയമ്പത്തൂര്‍ വരേയും പിന്നീട് പാലക്കാട്ടേക്കും അന്വേഷണം നീണ്ടു. ഒടുവില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ പൊള്ളാച്ചി, പാലക്കാട് പൊലീസിന്റെ സംയുക്ത പരിശോധനയില്‍ കൊടുവായൂര്‍ സ്വദേശിനിയുടെ വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഭര്‍തൃവീട്ടിലും നാട്ടിലും ഗര്‍ഭിണിയാണെന്ന് നുണ പറഞ്ഞതിനെ സാധുകരിക്കാനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്ന് പോലീസ് അറിയിച്ചു. പൊലീസ് സംഘം തിരികെ പൊള്ളാച്ചിയിലെത്തി ജൂലൈ കുമാരന്‍ നഗര്‍ സ്വദേശി യൂനിസ്,ഭാര്യ ദിവ്യ ഭാരതി എന്നിവര്‍ക്ക് കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ചു.

 

Back to top button
error: