BusinessTRENDING

ഇന്ധന വില വര്‍ദ്ധനവിന് പിന്നാലെ യുഎഇയില്‍ ടാക്സി നിരക്ക് കൂട്ടി

ദുബൈ: യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി. രണ്ട് ദിവസം മുമ്പ് യുഎഇയില്‍ ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോള്‍ ഏതാണ്ട് 50 ഫില്‍സിന്റെ വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ മാസവും രാജ്യത്ത് ഇന്ധന വില കൂടിയിരുന്നു.

ദുബൈയില്‍ ടാക്സി ചാര്‍ജ് വര്‍ദ്ധിപ്പിച്ച വിവരം റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി സ്ഥിരീകരിച്ചു. പ്രാദേശിക വിപണിയില്‍ ഇന്ധന വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഓരോ കിലോമീറ്റര്‍ യാത്രയിലുമുള്ള ഇന്ധന ഉപയോഗം കണക്കാക്കിയാണ് ടാക്സി ചാര്‍ജ് നിജപ്പെടുത്തിയിരിക്കുന്നതെന്നും ആര്‍.ടി.എയെ ഉദ്ധരിച്ച് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുബൈയില്‍ ടാക്സിയുടെ അടിസ്ഥാന ചാര്‍ജില്‍ മാറ്റം വരുത്തിയിട്ടില്ല. ഓപ്പണിങ് അല്ലെങ്കില്‍ ബുക്കിങ് ചാര്‍ജ് 12 ദിര്‍ഹമായിരിക്കും. ഇതില്‍ മാറ്റം വരുത്താതെ അധിക കിലോമീറ്റര്‍ ചാര്‍ജിലാണ് വര്‍ദ്ധനവ് കൊണ്ടുവന്നിരിക്കുന്നത്. ഓരോ കിലോമീറ്ററിനുമുള്ള നിരക്കില്‍ 20 ഫില്‍സിലധികം വര്‍ദ്ധനവ് വന്നിട്ടുണ്ടെന്ന് ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നു. ഇന്ധന വില വര്‍ദ്ധനവ് കാരണം ഹാലാ ടാക്സി ഫെയറിലെ കിലോമീറ്റര്‍ യാത്രാ നിരക്ക് 1.98 ദിര്‍ഹത്തില്‍ നിന്ന് 2.19 ദിര്‍ഹമാക്കി വര്‍ദ്ധിപ്പിച്ചതായി ‘കരീം ടാക്സി’ തങ്ങളുടെ ഒരു ഉപഭോക്താവിന് നല്‍കിയ മറുപടിയില്‍ പറയുന്നു.

അതേസമയം ഷാര്‍ജയില്‍ ടാക്സിയുടെ അടിസ്ഥാന നിരക്കില്‍ തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന 13.50 ദിര്‍ഹത്തില്‍ നിന്ന് 17.50 ദിര്‍ഹമായി മിനിമം ചാര്‍ജ് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ടാക്സി നിരക്ക് ഏഴ് ദിര്‍ഹത്തില്‍ ആരംഭിക്കുകയും തുടര്‍ന്ന് ഓരോ കിലോമീറ്ററിലും 1.62 ദിര്‍ഹം വീതം വര്‍ദ്ധിക്കുകയും ചെയ്യും. യാത്രയുടെ അവസാനം നല്‍കേണ്ട മിനിമം തുക 17.50 ദിര്‍ഹമായിരിക്കും. രാജ്യത്തെ ഓരോ മാസത്തെയും ഇന്ധന വില മാറുന്നതനുസരിച്ച് ടാക്സി നിരക്കില്‍ മാറ്റം വരുമെന്ന് നേരത്തെ തന്നെ ഷാര്‍ജ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു.

അതേസമയം ദുബൈയില്‍ ബസ്, മെട്രോ യാത്രാ നിരക്കുകളില്‍ മാറ്റമൊന്നുമില്ലെന്ന് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. എന്നാല്‍ ജൂലൈ ഒന്നിന് ശേഷം ഷാര്‍ജയിലെ ബസ് നിരക്കില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ചില യാത്രക്കാര്‍ അഭിപ്രായപ്പെട്ടു. യുഎഇയിലെ യാത്രാ നിരക്കില്‍ ഊബറും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. ചില ട്രിപ്പുകള്‍ക്ക് 11 ശതമാനം വരെ അധിക നിരക്ക് നല്‍കേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Back to top button
error: