NEWSWorld

യുഎഇയില്‍ ഈ വര്‍ഷം ഇന്ധന വിലയിലുണ്ടായത് 74 ശതമാനം വര്‍ദ്ധനവ്

അബുദാബി: യുഎഇയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇന്ധന വിലയിലുണ്ടായത് 74 ശതമാനം വര്‍ദ്ധനവെന്ന് കണക്കുകള്‍. ഫെബ്രുവരിയില്‍ റഷ്യ – യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ അന്താരാഷ്‍ട്ര വിപണിയില്‍ അസംസ്‍കൃത എണ്ണ വിലയിലുണ്ടായ വര്‍ദ്ധനവാണ് വില കൂടാനുള്ള പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

2015 ഓഗസ്റ്റ് മാസത്തില്‍ യുഎഇയില്‍ ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞതിന് ശേഷം ആദ്യമായി കഴിഞ്ഞ മാസമാണ് ഇന്ധനവില ലിറ്ററിന് നാല് ദിര്‍ഹത്തിന് മുകളിലെത്തുന്നത്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ഉയര്‍ന്ന വിലയാണ് രാജ്യത്ത് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്.

സൂപ്പര്‍ – 98 പെട്രോളിന് ജൂലൈ മാസത്തില്‍ 4.63 ദിര്‍ഹമാണ് വില. ജൂണില്‍ ഇത് 4.15 ദിര്‍ഹമായിരുന്നു. സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വില 4.03 ദിര്‍ഹത്തില്‍ നിന്നും 4.52 ദിര്‍ഹമാക്കി. ഇ-പ്ലസ് പെട്രോളിന് 4.44 ദിര്‍ഹമാണ് ഇപ്പോള്‍ നല്‍കേണ്ടത്. കഴിഞ്ഞ മാസം ഇത് 3.96 ദിര്‍ഹമായിരുന്നു. രാജ്യത്തെ ഡീസല്‍ വിലയും വര്‍ദ്ധിപ്പിച്ചു. ജൂണില്‍ 4.14 ദിര്‍ഹമായിരുന്നു ഒരു ലിറ്റര്‍ ഡീസലിന്റെ വിലയെങ്കില്‍ ഇപ്പോള്‍ 4.76 ദിര്‍ഹം നല്‍കണം.

സൂപ്പര്‍ 98 പെട്രോളിന് ഈ വര്‍ഷം ജനുവരിയില്‍ 2.65 ദിര്‍ഹമായിരുന്നു വില. അവിടെ നിന്ന് ജൂലൈ മാസത്തിലെത്തുമ്പോള്‍ വില 4.63 ദിര്‍ഹത്തിലെത്തി. സ്പെഷ്യല്‍ 95 പെട്രോളിന് ജനുവരിയിലെ 2.53 ദിര്‍ഹത്തില്‍ നിന്ന് ജൂലൈ മാസത്തില്‍ വില 4.52 ദിര്‍ഹമായി. ജനുവരിയില്‍ 2.46 ദിര്‍ഹമായിരുന്ന ഇ-പ്ലസ് പെട്രോളിന് ഇപ്പോള്‍ 4.44 ദിര്‍ഹമാണ്. ഡീസല്‍ വില ജനുവരിയില്‍ നിന്ന് ജൂണിലെത്തിയപ്പോള്‍ 2.56 ദിര്‍ഹത്തില്‍ നിന്ന് 4.76 ദിര്‍ഹത്തിലെത്തി. മേയില്‍ ചെറിയ തോതില്‍ ഇന്ധന വില കുറഞ്ഞിരുന്നെങ്കിലും പിന്നീട് ജൂണിലും ജൂലൈയിലും വില വര്‍ദ്ധിക്കുകയാണുണ്ടായത്. ഇന്ധന വില വര്‍ദ്ധനവിന്റെ തുടര്‍ച്ചയായി ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കിലും വര്‍ദ്ധനവുണ്ടായി.

Back to top button
error: