CrimeNEWS

കാസർകോട്ടെ പ്രവാസിയുടെ കൊലപാതകം: ഏഴ് പേർക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

കാസർകോട് : കാസർകോട്ടെ പ്രവാസി അബൂബക്കർ സിദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘത്തിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസിറക്കി. ക്വട്ടേഷൻ സംഘത്തിലെ ഏഴ് പേർക്കെതിരെയാണ് നോട്ടീസ്. പൈവളിഗ കേന്ദ്രീകരിച്ചുള്ള സംഘമാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

എന്നാൽ ഒരാഴ്ചയായിട്ടും ക്വട്ടേഷൻ സംഘത്തിലെ ആരെയും പിടികൂടാൻ ആയിട്ടില്ല. പ്രതികളിൽ രണ്ട് പേർ യുഎഇയിലേക്ക് കടക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൂടിയാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. വിമാനത്താവളങ്ങൾ, സീപോർട്ടുകൾ എന്നിവ അടക്കമുള്ളവ വഴി കൂടുതൽ പ്രതികൾ രാജ്യം വിടുന്നത് തടയുകയാണ് ലക്ഷ്യം.

കഴിഞ്ഞ ഞായറാഴ്ചയാണ് മുഗു സ്വദേശിയായ പ്രവാസി, അബൂബക്കർ സിദ്ദീഖ് കൊല്ലപ്പെട്ടത്. പൈവളിഗയിലെ ആളൊഴിഞ്ഞ വീട്ടിൽ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മർദ്ദിച്ചായിരുന്നു കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരാണ് അറസ്റ്റിലായത്. ക്വട്ടേഷൻ നൽകിയവരും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരുമാണ് ഇവർ. എന്നാൽ ക്വട്ടേഷന്‍ ഏറ്റെടുത്ത് സിദീഖിനെ മര്‍ദ്ദിച്ച് കൊന്നവരെ പിടികൂടാന്‍ ഒരാഴ്ചയായിട്ടും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

ഇവരെ കണ്ടെത്താൻ വ്യാപക പരിശോധന തുടരുന്നു എന്നാണ് പൊലീസ് പറയുന്നത്. മഹാരാഷ്ട്ര, കർണാടക, ഗോവ, തമിഴ്നാട് എന്നിവിടങ്ങളിൽ പൊലീസ് പരിശോധനയുണ്ടെന്നാണ് വിശദീകരണം. ഇതിനിടയിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ രാജ്യം വിടുകയും ചെയ്തു. യുഎഇയിലേക്കാണ് ഇവർ കടന്നത്. ക്വട്ടേഷൻ നൽകിയവരും ഏറ്റെടുത്തവരും പ്രതികളെ സഹായിച്ചവരും അടക്കം 15 പേരാണ് പ്രതികളെന്ന് പൊലീസ് വ്യക്തമാക്കുന്നു.

Back to top button
error: