അഭിമന്യുവിൻ്റെ അമ്മ ഇപ്പോഴും കരയുകയാണ്. മകനെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോഴേ ഭൂപതി തേങ്ങികരഞ്ഞു തുടങ്ങും. മകൻ്റെ പാഠപുസ്തകങ്ങളും ഫോട്ടോകളും മുന്നിൽ നിരത്തി വച്ചു കൊണ്ട് നാലു കൊല്ലം മുമ്പ് ഒരു ഞായറാഴ്ച അമ്മയോടു യാത്ര പറഞ്ഞു പോയ ഓർമകളിൽ ആ പെറ്റമ്മ നെഞ്ചു പൊട്ടിക്കരയുകയാണ്.
അഭിമന്യു ഒരു സൂര്യനായിരുന്നു. സ്വന്തം ജീവിത പരിസരങ്ങളിൽ നിറയെ പ്രകാശം ചൊരിഞ്ഞ സൂര്യൻ. ശാസ്ത്രജ്ഞൻ ആകണമെന്ന ആഗ്രഹവുമായാണ് ഇടുക്കി വട്ടവടയിലെ ഒറ്റമുറി വീട്ടിൽ നിന്ന് രസതന്ത്ര ബിരുദപഠനത്തിന് എറണാകുളം മഹാരാജാസിൽ ചേർന്നത്. സദാ പുഞ്ചിരിക്കുന്ന മുഖവുമായി നടന്ന ആ ഇളം പ്രതിഭയെ വർഗീയവിഷം പൂണ്ട ഒരു സംഘം 2018 ജൂലൈ 2 പുലർച്ചെ അരുംകൊല ചെയ്തു.
പഠിക്കുന്നതിനൊപ്പം സഹജീവികളെ സഹായിക്കുന്നതിലും അഭിമന്യു ആഹ്ലാദം കണ്ടെത്തിയിരുന്നു.
ഇപ്പോൾ അവൻ്റെ സ്വപ്നങ്ങൾ ഓരോന്നായി സഫലമായി കൊണ്ടിരിക്കുന്നു. അഭിമന്യു ഏറ്റവുമധികം ആഗ്രഹിച്ചത് പോലെ സ്വന്തം നാട്ടിൽ ഒരു ലൈബ്രറി എന്ന സ്വപ്നം സുമനസ്സുകളുടെ സഹായത്താൽ യാഥാർത്ഥ്യമായി.
അഭിമന്യൂ മഹാരാജാസ് എന്ന് പേരിട്ടിരിക്കുന്ന ലൈബ്രറി മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിനു സമർപ്പിച്ചത്. കൂടാതെ അഭിമന്യുവിന് സ്വന്തമായി വീടും ജനപിന്തുണയോടെ പാർട്ടി നിർമ്മിച്ച് നൽകി. സഹോദരിയുടെ വിവാഹവും പാർട്ടി തന്നെ മുന്നിൽ നിന്ന് നടത്തിക്കൊടുത്തു.
ആദിവാസി കുട്ടികളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന അഭിമന്യുവിൻ്റെ സ്വപ്നം സഫലമാകുകയാണ്. എറണാകുളത്ത് അഭിമന്യു സ്മാരകം ഒരുങ്ങുന്നു. പിന്നാക്ക വിഭാഗത്തിലെ 30 കുട്ടികൾക്ക് കലൂരിലെ അഭിമന്യു സ്മാരകത്തിൽ താമസിച്ച് പഠിക്കാം. വിദേശ സർവകലാശാലകളിലെ ഓൺലൈൻ കോഴ്സുകൾ,
മത്സര പരീക്ഷാ പരിശീലനം, തൊഴിൽപരിശീലനം, വ്യക്തിത്വ വികസന ക്ലാസുകൾ തുടങ്ങിയവയ്ക്കും അഭിമന്യു സ്മാരകം അവസരമൊരുക്കും.
അഭിമന്യു രക്തസാക്ഷിത്വത്തിന്റെ ഭാഗമായി ഇന്ന് പുലർച്ചെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മഹാരാജാസില്‍ ഒത്തുകൂടി. അഭിമന്യു കുത്തേറ്റു വീണ സ്ഥലത്തെ ചുവരില്‍ പ്രതീകാത്മകമായി ‘വര്‍ഗീയത തുലയട്ടെ’ എന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തില്‍ രേഖപ്പെടുത്തി.
അഭിമന്യുവിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും അഭിമന്യുവിന്റെ സഹപാഠികളും മെഴുകുതിരി തെളിച്ചു. രാത്രി ഒരുമണിയോടെ നടന്ന ചടങ്ങില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. വര്‍ഗീയതയ്ക്കും വലതുപക്ഷ നുണപ്രചാരണങ്ങള്‍ക്കുമെതിരെ വിദ്യാര്‍ത്ഥി പ്രതിരോധ സദസുകള്‍ എന്ന പേരിൽ പരിപാടികൾ സംഘടിപ്പിച്ചാണ് എസ്എഫ്‌ഐ ഇത്തവരണ അഭിമന്യു രക്തസാക്ഷി ദിനാചരണം നടത്തുന്നത്.