KeralaNEWS

ഏകെ ജി സെന്റർ ആക്രമിക്കപ്പെടുമ്പോൾ…

ജനാധിപത്യസംവിധാനങ്ങൾ ആക്രമിക്കപ്പെടുമ്പോൾ ജനാധിപത്യം എവിടേക്ക് എന്ന ചോദ്യം ആണ് ഉയരുന്നത്. എന്ത് സന്ദേശമാണ് അതിലൂടെ ജനങ്ങൾക്ക്‌ ലഭിക്കുക? രാജ്യത്തു ക്രമസമാധാനം ഇല്ലാതാക്കി ഭരണത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യം ആണോ ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ? അക്രമികളെ കണ്ടെത്തി വസ്തുതകൾ പുറത്തു കൊണ്ട് വരേണ്ടത് അനിവാര്യം.

സാധാരണക്കാരായ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ വികാരവും, വിയർപ്പുമാണ് ഏ കെ ജി യുടെ പേരിലുള്ള ഏ കെ ജി സെന്റർ എന്ന ജനാധിപത്യ സംവിധാനം. അത് ബോംബ് എറിഞ്ഞോ, വെടിവച്ചോ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ഇല്ലാതാകുന്നതല്ല സി പി എം എന്ന പ്രസ്ഥാനം. അത് മനസിലാക്കാൻ പോലും ഉള്ള സാമാന്യ ബോധം ആക്രമികൾക്കും അതിനു പ്രേരി പ്പിച്ചവർക്കും ഇല്ലാതെ പോയെന്നത് ജനാധിപത്യത്തിലെ വിവരമില്ലായ്മ.

രണ്ടാം എൽ ഡി എഫ് സർക്കാർ അധികാരത്തിൽ എത്തിയത് മുതൽ പ്രതിപക്ഷ പാർട്ടികൾക്ക് ഒരേ ഒരു അജണ്ട മാത്രമാണ് ഉള്ളത് എന്ന് തോന്നിപ്പോകും വിധമാണ് അവരുടെ ചെയ്തികൾ. ഓരോ ദിവസവും ഇല്ലാത്ത ആരോപണങ്ങൾ കുത്തിപ്പൊക്കി, വിശ്വസയതയുടെ കണികകൾ പോലുമില്ലാത്ത വായാടികളുടെ വാക്കുകൾ കേട്ടു തുള്ളുന്ന പ്രതിപക്ഷം.അവരുടെ ജല്പനങ്ങൾ ശിരസാ വഹിച്ചു ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുത്ത സർക്കാരിനെ അ ട്ടിമറിക്കാൻ ഉള്ള പടപ്പുറപ്പാട്.

ഏ കെ ജി സെന്റർ ആക്രമിച്ചു പ്രകോപനം സൃഷ്ടിച്ചു, പാർട്ടി അണികളെ ഇളക്കി വിട്ട് രാജ്യത്തു കലാപം സൃഷ്ടിക്കാനുള്ള ദുഷ്ട ബുദ്ധികൾ ഒന്നോർക്കണം. ഇതേ രീതിയിൽ എതിർ ചേരിയും തിരിച്ചു അടിക്കാൻ തുടങ്ങിയാൽ ഉള്ള അവസ്ഥ എന്താകും എന്നത്?ഭരണം ഇല്ലാതായതോടെ വിറളി പിടിച്ച അവസ്ഥയിലാണ് കോൺഗ്രസ്സും യു ഡി എഫും.എന്ത് വില കൊടുത്തും എൽ ഡി എഫ് സർക്കാരിനെ ഇല്ലായ്മ ചെയ്യുകയോ, നേതാക്കളെ അപകീർത്തിപ്പെടുത്തുകയോ ആണ് അവരുടെ ലക്ഷ്യം.

കെ സുധാകരൻ കെ പി സി സി അധ്യക്ഷൻ ആയതുമുതൽ, വി ഡി സതീശൻ പ്രതിപക്ഷ നേതാവായതു മുതൽ അതിനുള്ള കുൽസിത ശ്രമങ്ങൾ അരങ്ങേറുകയാണ്. പാർട്ടി പ്രവർത്തകരെ അരിഞ്ഞു തള്ളിയും, പാർട്ടി ഓഫിസുകൾ ആക്രമിച്ചും, പതാകകൾ കത്തിച്ചും നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ് അവർ. ഇത് തുടർന്നാൽ രാജ്യത്തു സമാധാനം ഇല്ലാതാകുമെന്നും അതുവഴി സർക്കാരിനെ ഇല്ലായ്മ ചെയ്യുമെന്നും ആണ് അവരുടെ കണക്കു കൂട്ടൽ. അത് വഴി അധികാരത്തിലുമെത്താം എന്നും അവർ കണക്കു കൂട്ടുന്നു.

രാജ്യത്തു വർഗീയതയുടെ വിത്ത് വിതക്കുന്നവരുടെ ചെയ്തികളെ അപലപിക്കാനോ, അവർക്കെതിരെ ചെറു വൈറൽ അനക്കാനോ അവർക്കു നേരമില്ല ഒട്ടും. മാത്രമല്ല അവരുടെ കാട്ടികൂട്ടലുകൾക്ക് വളം വച്ചു കൊടുത്തു എൽ ഡി എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും അവർ ഇരുട്ടിന്റെ മറവിൽ സഹായം ചെയ്യുകയാണ്.

പല സന്ദർഭങ്ങളിലും കെ സുധാകരന്റെ ആഹ്വാനങ്ങൾ കേരളം കണ്ടതാണ്.അടിച്ചാൽ തിരിച്ചടിക്കും എന്ന ആഹ്വാനം. അത് തുടർന്നാൽ കേരളത്തിന്റെ അവസ്ഥ എന്താകും?ഏ കെ ജി സെന്റർ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കാൻപോലും പല കോൺഗ്രസ്‌ നേതാക്കളും തയ്യാറായില്ല. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചപ്പോൾ സിപിഎം ഉം എൽ ഡി എഫും തള്ളി പറഞ്ഞു. ആ മര്യാദ എങ്കിലും കോൺഗ്രസ്‌ കാണിക്കണം.

ജനാധിപത്യം പുലരേണ്ടത് കേരള ജനതയുടെ ആവശ്യമാണ്. അതിനു ഭരണ പ്രതിപക്ഷ ഭേദമന്യേ ഉള്ള സഹകരണം അനിവാര്യവുമാണ്.

Back to top button
error: