NEWS

മനുഷ്യന്റെ മുഖത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ജീവി

നുഷ്യന്റെ മുഖത്ത് ഇണ ചേരുകയും വസിക്കുകയും ചെയ്യുന്ന സൂക്ഷ്മജീവികളെപ്പറ്റി കേട്ടിട്ടുണ്ടോ.മനുഷ്യന്റെ വികാസത്തോടൊപ്പം അവയും പരിണമിച്ചു. എന്നാൽ ഇപ്പോൾ അവയുടെ ഡിഎൻഎയിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങിയെന്ന് ഗവേഷകർ പറയുന്നു.
നമ്മുടെ മുഖത്ത് നിരവധി സൂക്ഷജീവികൾ വസിക്കുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഡെമോഡെക്സ് വിഭാഗത്തിൽ പെട്ട ഡെമോഡെക്സ് ഫോളികുലോറം എന്ന ജീവി അതിനൊരു ഉദാഹരമാണ്. അവ മനുഷ്യന്റെ കൺപീലികൾ, പുരികങ്ങൾ അല്ലെങ്കിൽ മൂക്കിന് സമീപത്തുമൊക്കെയാണ് കൂടുതലായും കാണപ്പെടുന്നത്. അവയുടെ തുടക്കവും, ഒടുക്കവും എല്ലാം നമ്മുടെ ചർമ്മത്തിന്റെ സുഷിരത്തിൽ തന്നെയാണ്. രാത്രികാലങ്ങളിലാണ് അവ ഇണ ചേരുന്നത്.നമ്മൾ ഉറങ്ങുമ്പോൾ നമ്മുടെ മുഖത്ത് വച്ച് അവ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു.
ഈ ചെറുജീവികളുടെ ആയുർദൈർഘ്യം വെറും 2 ആഴ്ച മാത്രമാണ്. അവയുടെ നീളം 0.3 മില്ലിമീറ്ററാണ്. രാത്രിയിൽ ഈ  ജീവികൾ പുതിയ ചർമ്മ പാളികൾ കണ്ടെത്തുന്നതിനും ഒരു പങ്കാളിയുമായി ഇണ ചേരുന്നതിനും അത് ഇരുന്നിരുന്ന സുഷിരങ്ങളിൽ നിന്ന് പുറത്ത് വരുന്നു. മുഖത്ത് ജീവിക്കുന്ന ഈ പരാന്നഭോജികളെ അത്ര എളുപ്പം ഇല്ലാതാക്കാൻ നമുക്ക് കഴിയില്ല. എത്ര സോപ്പിട്ട് കഴുകിയാലും അവ ചാവില്ല. കാരണം ചർമ്മത്തിന്റെ ആഴങ്ങളിലാണ് അവ ജീവിക്കുന്നത്. എന്നാൽ നമ്മുടെ മുഖത്ത് ഇങ്ങനെ ഫ്രീയായി ജീവിക്കാൻ അനുവദിക്കുന്നതിന് പകരമായി അവയും നമുക്ക് ഒരു നല്ല കാര്യം ചെയ്തു തരുന്നുണ്ട്. എന്താണെന്നല്ല? അവ നമ്മുടെ സുഷിരങ്ങൾ വൃത്തിയാക്കുന്നു. മാത്രവുമല്ല, അവ അപകടകാരികളുമല്ല. ചർമ്മത്തിന് ഒരു നാശവും അവ വരുത്തുന്നതൂമില്ല.
എന്നാൽ എങ്ങനെയാണ് അവ നമ്മുടെ മുഖത്ത് സ്ഥാനം പിടിക്കുന്നത് എന്നറിയാമോ? മുലയൂട്ടുന്ന സമയത്ത് അമ്മയുടെ മുലക്കണ്ണിൽ നിന്ന് കുഞ്ഞിന്റെ മുഖത്തേക്ക് ചാടിയാണ് അവ മനുഷ്യർക്കിടയിൽ പടരുന്നത്.  90 ശതമാനത്തിലധികം മനുഷ്യരിലും ഇവ കാണപ്പെടുന്നു. ജീവിതകാലം മുഴുവൻ നമ്മുടെ ശരീരത്തിൽ ജീവിക്കുന്ന ഒരേയൊരു ജീവിയും അതാണ്. ഗവേഷണമനുസരിച്ച്, സുഷിരങ്ങൾ വലുതാകുന്നതിനനുസരിച്ച് മുതിർന്നവരിൽ അവയുടെ എണ്ണവും വർദ്ധിക്കുന്നു. സുഷിരങ്ങളിലെ കോശങ്ങൾ സ്വാഭാവികമായി ഉൽപ്പാദിപ്പിക്കുന്ന എണ്ണമയമാണ് അവയുടെ ആഹാരം. അവക്ക് ധാരാളം ചെറിയ കാലുകളും, ഒരു വായയും, കൂടാതെ, ഒരു നീണ്ട വാൽ പോലെയുള്ള ശരീരവുമുണ്ട്.
മനുഷ്യന്റെ വികാസത്തോടൊപ്പം അവയും പരിണമിച്ചു. എന്നാൽ ഇപ്പോൾ അവയുടെ ഡിഎൻഎയിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങിയെന്ന് ഗവേഷകർ പറയുന്നു. അതായത് അവർ പരാന്നഭോജികളിൽ നിന്ന് സഹജീവികളായി മാറുകയാണെന്ന് യുകെയിലെ റീഡിംഗ് യൂണിവേഴ്സിറ്റി നടത്തിയ പഠനം പറയുന്നു. ഡിഎൻഎയിലുള്ള മാറ്റങ്ങൾ കാരണം ഈ ജീവി നമ്മുടെ ശരീരവുമായി സാവധാനം ലയിക്കുകയാണ്. അവ നമ്മുടെ ഉള്ളിൽ സ്ഥിരമായി വസിക്കാൻ ഇനി അധികം താമസമുണ്ടാകില്ലെന്നാണ് ഗവേഷകർ പറയുന്നത്. അവ നമ്മോട് എത്രത്തോളം പൊരുത്തപ്പെടുന്നുവോ അത്രയധികം ജീനുകൾ അവയ്ക്ക് നഷ്ടപ്പെടും. ഒടുവിൽ അവയുടെ നിലനിൽപ്പിന് അവ നമ്മെ പൂർണ്ണമായും ആശ്രയിക്കും. ഈ ആശ്രിതത്വം കാരണം അവയ്ക്ക് നമ്മുടെ സുഷിരങ്ങൾ ഉപേക്ഷിച്ച് പുറത്ത് വരാൻ സാധിക്കാതെ വരും. അതിന് എപ്പോഴും അതിന്റെ സുഷിരത്തിൽ തന്നെ വസിക്കേണ്ടതായി വരും. ഇതോടെ ഇണ ചേരാനുള്ള അവസരം ഇല്ലാതാകുന്നു. അതുകൊണ്ട് തന്നെ, അധികം വൈകാതെ അവ വംശനാശം സംഭവിച്ച് ഇല്ലാതായി തീരുമെന്നാണ് ഗവേഷകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: