NEWS

എറണാകുളത്തിന്റെ ട്രാന്‍സിറ്റ്‌ ഹബ്ബാകാൻ തൃപ്പൂണിത്തുറ

കൊച്ചി :എറണാകുളത്തെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി തൃപ്പൂണിത്തുറയിൽ പുതിയ ബസ്‌ ടെര്‍മിനല്‍ വരുന്നു.തൃപ്പൂണിത്തുറ റെയില്‍വേ സ്‌റ്റേഷനും മെട്രോ യാര്‍ഡും സംഗമിക്കുന്ന പ്രദേശത്ത്‌ ടെര്‍മിനല്‍ നിര്‍മിക്കാനാണ്‌ നഗരസഭയുടെ പദ്ധതി.
ഇതോടെ കിഴക്കിന്റെ കവാടമെന്നറിയപ്പെടുന്ന തൃപ്പൂണിത്തുറയെ ജില്ലയിലെ പ്രധാന യാത്രാ ഹബ്ബാക്കിമാറ്റാന്‍ പദ്ധതിക്കാകും. സ്ഥലമേറ്റെടുക്കാന്‍മാത്രം 100 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാർ അനുമതി നൽകി.

പേട്ടയില്‍നിന്ന്‌ എസ്‌എന്‍ ജങ്ഷനിലേക്ക്‌ നിര്‍മിച്ച 1.80 കിലോമീറ്റര്‍ മെട്രോപാതയില്‍ ഈമാസം ട്രെയിന്‍ സര്‍വീസ്‌ ആരംഭിക്കും. തൃപ്പൂണിത്തുറ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തേക്ക്‌ എത്തുന്ന 1.2 കിലോമീറ്റര്‍ പാതയുടെയും ടെര്‍മിനലിന്റെയും നിര്‍മാണം പുരോഗമിക്കുകയാണ്. റിഫൈനറി റോഡിലൂടെ മില്‍മ പ്ലാന്റിനുമുന്നിലെത്തി, എസ്‌എന്‍ ജങ്ഷന്‍ റെയില്‍വേ മേല്‍പ്പാലത്തിന്‌ മുകളിലൂടെ മുറിച്ചുകടന്നാണ്‌ മെട്രോപാത റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെത്തുന്നത്‌. നാലേക്കറോളം ഭൂമിയാണ്‌ യാര്‍ഡിനും കോംപ്ലക്‌സിനുമായി ഏറ്റെടുത്തിട്ടുള്ളത്‌. 1.6 ലക്ഷം ചതുരശ്രയടിയില്‍ വാണിജ്യ ആവശ്യത്തിനുള്ള നിര്‍മാണത്തിനുപുറമെ 1.9 ലക്ഷം ചതുരശ്രയടിയില്‍ പാര്‍ക്കിങ്ങും ഒരുങ്ങും. റെയില്‍വേ സ്‌റ്റേഷനിലേക്ക്‌ മേല്‍പ്പാതയും വരും. ബസ്‌ ടെര്‍മിനല്‍ പദ്ധതികൂടി മുന്നില്‍ക്കണ്ടാണ്‌ മെട്രോ അധികൃതര്‍ ഇത്രയുംവലിയ പദ്ധതി ആവിഷ്‌കരിച്ചത്‌.

പൊതു–സ്വകാര്യ പങ്കാളിത്തത്തിലോ മറ്റു അനുയോജ്യ മാതൃകയിലോ ടെര്‍മിനല്‍ നിര്‍മിക്കാനാണ്‌ നഗരസഭ ആലോചിക്കുന്നത്‌. എം സ്വരാജ്‌ എംഎല്‍എയായിരിക്കെ ഇതിനാവശ്യമായ ആദ്യഘട്ട നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. പുതിയ കൗണ്‍സില്‍ അധികാരത്തില്‍ വന്നശേഷവും പദ്ധതി വേഗത്തിലാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സര്‍ക്കാരിന്‌ കത്തുനല്‍കിയിട്ടുണ്ട്‌.

 

 

 

ട്രാന്‍സിറ്റ്‌ ഹബ്ബായി വികസിക്കുന്ന തൃപ്പൂണിത്തുറ, ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ക്കും കിഴക്കന്‍ ജില്ലകള്‍ക്കും വലിയ യാത്രാസാധ്യത തുറക്കും. കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക്‌ തൃപ്പൂണിത്തുറയില്‍ സ്‌റ്റോപ്പ്‌ ലഭിച്ചാല്‍ കൊച്ചി നഗരത്തിന്റെ വീര്‍പ്പുമുട്ടലിന്‌ വലിയ പരിഹാരവുമാകും.

Back to top button
error: