സമൂഹമാധ്യമങ്ങളിൽ വിവാഹ വിഡിയോകൾക്ക് പഞ്ഞമൊന്നുമില്ല. സേവ് ദ ഡേറ്റ്, പ്രീവെഡിങ് ഷൂട്ട്, വെഡിങ് ഷൂട്ട്, പോസ്റ്റ് വെഡിങ്…അങ്ങനെയങ്ങനെ വിവിധതരം വിഡിയോകൾ ലഭ്യം. എന്നാൽ അൽപം വിചിത്രമായ ഒരു വിവാഹവിഡിയോ ഇൻസ്റ്റഗ്രാമിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. താനോസ്, ലൂണ എന്ന രണ്ടു നായകളുടെ വിവാഹമാണ് ഇത്. ഇരുവരും പിറ്റ്ബുൾ ഇനത്തിൽപെട്ട നായകളാണ്. ലൂണക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടുമുണ്ട്.
രണ്ട് നായകൾ വിവാഹ വേഷത്തിൽ നിൽക്കുന്ന സീനോടെയാണ് ഈ വെഡിങ് വിഡിയോ തുടങ്ങുന്നത്. വെളുത്ത വെഡിങ് ഗൗണാണ് പെൺനായയായ ലൂണയുടെ വേഷം. കറുത്ത സ്യൂട്ടാണ് വരനായ താനോസ് ധരിച്ചിരിക്കുന്നത്. ജൂൺ 15നു ഷെയർ ചെയ്യപ്പെട്ട ഈ വിഡിയോയ്ക്ക് 4.8 ലക്ഷം കാഴ്ചക്കാരെയും അരലക്ഷത്തിലധികം ലൈക്കുകളും കിട്ടി. ഒട്ടേറെപ്പേർ ഇരുനായകൾക്കും അഭിനന്ദനങ്ങളും മറ്റും അർപ്പിച്ചിട്ടുമുണ്ട്. ലൂണയും താനോസും വിവാഹവേഷത്തിൽ സുന്ദരിയും സുന്ദരനുമായിരിക്കുന്നു എന്നൊക്കെ ആളുകൾ കമന്റിട്ടു.
മൃഗങ്ങൾ തമ്മിലുള്ള വിവാഹം ഇതിനു മുൻപും വാർത്തയായിട്ടുണ്ട്. മൂന്നാഴ്ചകൾക്ക് മുൻപ് ഹിമാചൽ പ്രദേശിലെ സൗൻഖാർ ഗ്രാമത്തിൽ ഇത്തരമൊരു നായവിവാഹം നടന്നിരുന്നു. കല്ലു എന്ന ആൺനായയും ഭൂരി എന്ന പെൺനായയും തമ്മിലായിരുന്നു വിവാഹം. വിവാഹച്ചടങ്ങിൽ അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്തു. ബാൻഡ്മേളവും മറ്റു ചടങ്ങുകളുമൊക്കെയുണ്ടായിരുന്നു. വീട്ടുകാർ ഉപേക്ഷിച്ച രണ്ട് നായകളെ ടെക്സസിലെ ബക്സർ കൺട്രിയിൽ വിവാഹം കഴിപ്പിച്ചത് മേയിൽ വാർത്തയായിരുന്നു. പീനട്ട്, കാഷ്യു എന്നിങ്ങനെയായിരുന്നു ഈ ഇണപിരിയാത്ത നായകളുടെ പേര്. താനോസിനെയും ലൂണയെയും പോലെ വിവാഹ ഗൗണും സ്യൂട്ടുമൊക്കെയണിഞ്ഞായിരുന്നു ഇരുവരും വിവാഹച്ചടങ്ങുകൾക്കെത്തിയത്.
വമ്പൻ ചെലവിൽ നായവിവാഹങ്ങൾ നടന്നതിന്റെ ചരിത്രവുമുണ്ട്. ഇത്തരത്തിലൊന്നാണ് 2012ൽ ന്യൂയോർക്കിൽ മൃഗസ്നേഹിയായ വെൻഡി ഡയമണ്ടിന്റെ നേതൃത്വത്തിൽ നടന്നത്. ബേബി ഹോപ് ഡയമണ്ട് എന്ന കോടോൺ ഡി ടൂലിയർ ഇനത്തിൽ പെട്ട നായയും ചില്ലി പാസ്റ്റർനാക് എന്ന പൂഡിൽ ഇനം നായയുമായായിരുന്നു വിവാഹം.രണ്ടുകോടിയോളം രൂപ ബജറ്റ് വന്ന വിവാഹം ലോകത്തിലെ ഏറ്റവും ചെലവേറിയ മൃഗവിവാഹമെന്ന ഗിന്നസ് റെക്കോർഡും അടിച്ചെടുത്തു.