SportsTRENDING

സച്ചിന്റെയും ധോണിയുടെയും റെക്കോര്‍ഡ് തകര്‍ത്ത് റിഷഭ് പന്തിന്റെ സെഞ്ചുറി; ഇനി വിമര്‍ശനങ്ങള്‍ക്ക് വിട

എഡ്ജ്ബാസ്റ്റണ്‍: വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ട ഘട്ടത്തില്‍ ടെസ്റ്റില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി റിഷഭ് പന്തിന്‍റെ മറുപടി. ഇംഗ്ലണ്ടിനെതരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 98-5 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് കരകയറ്റിയ റിഷഭ് പന്ത് സെഞ്ചുറി കുറിച്ചതോടെ ഓടിക്കയറിയത് റെക്കോര്‍ഡ് ബുക്കിലേക്കാണ്. കരിയറിലെ അഞ്ചാമത്തെയും ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും സെഞ്ചുറിയാണ് എഡ്ജ്ബാസ്റ്റണില്‍ പന്ത് ഇന്ന് അടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം ഓവലിലും ഈ വര്‍ഷം അഹമ്മദാബാദിലുമായിരുന്നു പന്തിന്‍റെ മറ്റ് രണ്ട് സെഞ്ചുറികള്‍.

89 പന്തില്‍ അഞ്ചാം സെഞ്ചുറി തികച്ച പന്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ വേഗതയേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. 2005ല്‍ പാക്കിസ്ഥാനെതിരെ 93 പന്തില്‍ സെഞ്ചുറി നേടിയ എം എസ് ധോണിയുടെ റെക്കോര്‍ഡാണ് പന്ത് ഇന്ന് മറികടന്നത്. ഇംഗ്ലണ്ടില്‍ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമാണ് പന്ത്.

Signature-ad

ഏഷ്യക്ക് പുറത്ത് നാലാം സെഞ്ചുറിയാണ് പന്ത് ഇന്ന് ഇംഗ്ലണ്ടിനെതിരെ കുറിച്ചത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ഏഷ്യക്ക് പുറത്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍ ഇതുവരെ ആകെ നേടിയത് മൂന്ന് സെഞ്ചുറികള്‍ മാത്രമാണ്. വിജയ് മഞ്ജരേക്കര്‍, അജയ് രത്ര, വൃദ്ധിമാന്‍ സാഹ എന്നിവരാണ് ടെസ്റ്റ് ചരിത്രത്തില്‍ ഏഷ്യക്ക് പുറത്ത് ഇന്ത്യക്കായി സെഞ്ചുറി നേടിയിട്ടുള്ള വിക്കറ്റ് കീപ്പര്‍മാര്‍. മൂന്നുപേരും ഓരോ സെഞ്ചുറി വീതം നേടിയപ്പോള്‍ പന്തിന്‍റെ പേരില്‍ മാത്രം നാലു സെഞ്ചുറികളായി.

ഇതിനുപുറമെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് പന്ത്. 1964ല്‍ ബുധി കന്ദേരന്‍, 2009ല്‍ എം എസ് ധോണി, 2017ല്‍ വൃദ്ധിമാന്‍ സാഹ എന്നിവരാണ് പന്തിന് മുമ്പ് ഒരു കലണ്ടര്‍ വര്‍ഷം രണ്ട് സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍. എന്നാല്‍ ഇവരെല്ലാം സെഞ്ചുറി നേടിയത് ഇന്ത്യയിലായിരുന്നെങ്കില്‍ പന്തിന്‍റെ രണ്ട് സെഞ്ചുറിയും വിദേശത്തായിരുന്നു.

ജാക്ക് ലീച്ചിനെ സിക്സിന് പറത്തിയ പന്ത് രാജ്യാന്തര ക്രിക്കറ്റില്‍ 100 സിക്സുകള്‍ തികക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ ബാറ്ററുമായി. 25 വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 100 സിക്സുകള്‍ പൂര്‍ത്തിയാക്കിയ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് 24കാരനായ പന്ത് ഇന്ന് മറികടന്നത്. 25 വയസും 77 ദിവസവും പ്രായമുള്ളപ്പോള്‍ 100 സിക്സുകള്‍ തികച്ച സുരേഷ് റെയ്നയാണ് മൂന്നാമത്. 100 സിക്സ് തികക്കാന്‍ ഏറ്റവും കുറഞ്ഞ ഇന്നിംഗ്സുകള്‍ കളിച്ച ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് പന്ത്. 101 മത്സരങ്ങളില്‍ 100 സിക്സുകള്‍ അടിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഒന്നാമത്. 116 മത്സരങ്ങളില്‍ പന്ത് 100 സിക്സിലെത്തി.

Back to top button
error: