NEWS

പെണ്‍കുട്ടിക്ക് നേരേ ട്രെയിനിൽ അതിക്രമം നടത്തിയ രണ്ടു പ്രതികള്‍ പിടിയിൽ

കൊച്ചി: അച്ഛനൊപ്പം തീവണ്ടിയില്‍ യാത്രചെയ്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍.
ചാലക്കുടി സ്വദേശികളായ ജോയ്, സിജോ എന്നിവരെയാണ് എറണാകുളം റെയില്‍വേ പോലീസ് വ്യാഴാഴ്ച പിടികൂടിയത്. ഇവര്‍ കേസിലെ ഒന്നും മൂന്നൂം പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കേസില്‍ ആകെ അഞ്ചുപ്രതികളാണുള്ളത്. മറ്റുപ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

ശനിയാഴ്ച രാത്രി എറണാകുളം-ഗുരുവായൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് തീവണ്ടിയില്‍ യാത്ര ചെയ്ത 16കാരിക്കാണ് ദുരനുഭവം ഉണ്ടായത്. അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നാണ് പെണ്‍കുട്ടിയും പിതാവും മൊഴി നല്‍കിയിരുന്നത്.

ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പിന്നിട്ടതോടെ അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലം പറയുകയുമായിരുന്നു.തടയാൻ ശ്രമിച്ച പിതാവിനേയും സഹയാത്രക്കാരനെയും സംഘം മർദ്ദിക്കുകയും സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

Back to top button
error: