NEWS

ആനയിറങ്ങുന്ന ആനയിറങ്കൽ ഡാം;കൊടുംകാടിനും തേയിലത്തോട്ടത്തിനും ഇടയിലെ സ്വർഗ്ഗം

കാടുകൾക്കും തേയിലത്തോട്ടങ്ങൾക്കും നടുവിൽ പച്ചപ്പിന്റെ പ്രതിഫലനങ്ങളുമായി നിറഞ്ഞു തുളുമ്പി നിൽക്കുന്ന അണക്കെട്ട്.തേയിലത്തോട്ടങ്ങളുടെ അരികുപറ്റി ഇറങ്ങിച്ചെല്ലുക മറ്റൊരു ലോകത്തേക്കായിരിക്കും.
വേനലെത്ര കടുത്താലും നിറഞ്ഞു തന്നെ നിൽക്കുന്ന കേരളത്തിലെ അപൂർവ്വം അണക്കെട്ടുകളിലൊന്നായ ആനയിറങ്കൽ അണക്കെട്ട്.
 മൂന്നാറിലെത്തി തേയിലത്തോട്ടങ്ങളും മാട്ടുപ്പെട്ടി ഡാമും ടീ മ്യൂസിയവും ടോപ് സ്റ്റേഷനും ഒക്കെ കണ്ടിറങ്ങുമ്പോൾ വിട്ടു പോകാതെ മൂന്നാർ യാത്രയിൽ ഉൾപ്പെടുത്തേണ്ട ഇടമാണ് ആനയിറങ്കൽ.
പച്ചപ്പും കോടമഞ്ഞും ഒക്കെയായി സഞ്ചാരികളുടെ ഒരു സ്വർഗ്ഗമാണ് മൂന്നാര്‍. മൂന്നാർ കാഴ്ചകളിൽ ഇന്നേറെ പ്രധാനപ്പെട്ട ഒരിടമാണ് ആനയിറങ്കൽ അണക്കെട്ട്. മൂന്നാറിൽ നിന്നും 22 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ടാറ്റയുടെ തേയിലത്തോട്ടത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. പൂർണ്ണമായും മണ്ണു കൊണ്ടു നിർമ്മിച്ച അണക്കെട്ടുകളിൽ ബാണാസുര സാഗർ അണക്കെട്ട് മാത്രമേ കേട്ടിട്ടുള്ളുവെങ്കിലും ആനയിറങ്കലും അത്തരത്തിലൊന്നാണ്. കാട്ടാനക്കൂട്ടങ്ങൾ പതിവായി വെള്ളം കുടിക്കുവാൻ വന്നുകൊണ്ടിരുന്ന ഇടമാണിത്. അങ്ങനെയാണ് ഇവിടം ആനയിങ്കൽ ഡാം എന്നറിയപ്പെടുന്നത്.
ചിന്നക്കനാൽ , ശാന്തമ്പാറ പഞ്ചായത്തുകളിലായി പന്നിയാർ പുഴയിലാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.ആനയിറങ്കലിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണം ഇവിടുത്തെ ബോട്ടിങ്ങാണ്. അണക്കെട്ടിനുള്ളിലെ ചെറിയ ദ്വീപും ചുറ്റോളമുള്ള കാഴ്ചകളും ബോട്ടിലൂടെ പോയി കാണാം എന്നതാണ് ഇതിൻറെ ആകർഷണം. കണ്ണെത്താ ദൂരത്തോളം മൂന്നു വശത്തും പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളും ഒരു വശത്തെ തിങ്ങി നിറഞ്ഞ കാടും വ്യത്യസ്തമായ അനുഭവം നല്കുന്നു. ബോട്ടിങ്ങിൽ ഇടയ്ക്ക് ബോണസായി കാട്ടാനക്കൂട്ടത്തെയും കാണാം.
ജലാശയത്തിനു നടുവിലുള് ദ്വീപിലേക്ക് സഞ്ചാരികൾക്ക് ബോട്ടിൽ പോകാം. അരമണിക്കൂറാണ് ബോട്ടിങ്ങ് സമയം. സംഘമായി എത്തുന്നവർക്കായി 20 പേർക്ക് സഞ്ചരിക്കാവുന്ന ഫാമിലി ബോട്ടും ഇവിടെയുണ്ട്. 1920 രൂപയാണ് അരമണിക്കൂർ സഞ്ചരിക്കുവാൻ വേണ്ടുന്ന തുക.
സാധാരണ ബോട്ട് യാത്രയിൽ താല്പര്യമില്ലാത്തവർക്ക് സ്പീഡ് ബോട്ട് സൗകര്യം പ്രയോജനപ്പെടുത്താം. ഒരേ സമയം അഞ്ച് പേർക്ക് യാത്ര ചെയ്യുവാൻ സാധിക്കുന്ന ഈ ബോട്ടിൽ 15 മിനിട്ട് യാത്രയ്ക്ക് 1,110 രൂപയാണ് ഈടാക്കുന്നത്. ഇത് കൂടാതെ ചങ്ങാടവും പെഡൽ ബോട്ടും ഇവിടെ ലഭ്യമാണ്.
കുമളി-മൂന്നാർ പാതിയിലൂടെ 22 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം. മൂന്നാറിൽ നിന്നും പൂപ്പാറ-തേക്കടി ദിശയിലേക്കാണ് സഞ്ചരിക്കേണ്ടത്. കേരളത്തിലെ ഏറ്റവും പ്രകൃതി മനോഹരമായ പാതകളിലൊന്നാണ് മൂന്നാർ-തേക്കടി റൂട്ട്.

Back to top button
error: