NEWS

ഇടുക്കിയൊന്ന് കറങ്ങിവരാം;കെഎസ്ആര്‍ടിസിയുടെ കിടിലന്‍ ബജറ്റ് യാത്ര!!

ളരെ കുറഞ്ഞ കാലം കൊണ്ട് ആളുകളുടെ യാത്രാ ലിസ്റ്റിലേക്ക് കയറിക്കൂടുവാന്‍ കഴിഞ്ഞവയാണ് കെഎസ്ആര്‍ടിസിയുടെ ബജറ്റ് യാത്രകള്‍. ചിലവ് കുറവ് എന്ന കാരണം മാത്രമല്ല, കൃത്യമായി തയ്യാറാക്കിയ പാക്കേജുകള്‍ ആയതിനാല്‍ താമസസൗകര്യമടക്കമുള്ള കാര്യങ്ങള്‍ കൂടി ലഭ്യമാക്കുന്നു എന്നതും ആളുകളെ കെഎസ്ആര്‍ടിസി ടൂറുകളുടെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. കേരളത്തിലെ മിക്ക ഡിപ്പോകളും വ്യത്യസ്തമായ പാക്കേജുകള്‍ അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഇടുക്കിയുടെ എത്ര കണ്ടാലും തീരാത്ത കാഴ്ചകളിലേക്ക് പുതിയൊരു വിനോദയാത്രയുമായി വന്നിരിക്കുകയാണ് തിരുവല്ല കെഎസ്ആര്‍ടിസി.ഇടുക്കിയുടെ സ്ഥിരം ഇടങ്ങള്‍ മാറ്റിനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ യാത്ര തിരഞ്ഞെടുക്കാം.
കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് തിരുവല്ലയില്‍ നിന്നും ഇടുക്കിയിലേക്കുള്ള യാത്ര സംഘടിപ്പിക്കുന്നത്.ഇടുക്കി യാത്രകളില്‍ എന്നും പോകുന്ന മൂന്നാറും വാഗമണ്ണും പോലുള്ള സ്ഥലങ്ങള്‍ മാറ്റി നിര്‍ത്തി വെള്ളച്ചാട്ടങ്ങളും അണക്കെട്ടിന്റെ കാഴ്ചകളും ഒക്കെയാണ് യാത്രാ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
2022 ജൂലൈ 3 ഞായറാഴ്ച പുലര്‍ച്ചെ 5.30ന് പുറപ്പെട്ട് രാത്രി 9.30ന് തിരിച്ചെത്തുന്ന തരത്തിലാണ് ഉല്ലാസയാത്ര നിലവിൽ ക്രമീകരിച്ചിരിക്കുന്നത്.പ്രകൃതി രമണീയമായ പ്രദേശങ്ങളിലൂടെയും വനപ്രദേശങ്ങളിലൂടെയും അണക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും കണ്ടുള്ള ഈ യാത്ര എന്നും ഓർമ്മയിൽ സൂക്ഷിക്കുവാൻ പറ്റുന്ന ഒന്നായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.ഞായറാഴ്ച ആയതിനാല്‍ പ്രത്യേകിച്ച് ഒരു അവധി എടുക്കാതെ പോയി വരുകയും  ചെയ്യാം.
ഇടുക്കിയിലെ വളരെ മനോഹരമായ ഇടങ്ങളായ
തൊടുപുഴ, തൊമ്മൻകുത്ത് , ആനച്ചാടികുത്ത്, ചെറുതോണി, കുളമാവ് ഡാം , ഇടുക്കി ആർച്ച് ഡാം ,എന്നീ സ്ഥലങ്ങൾ ആണ് ഈ യാത്രയില്‍ സന്ദർശിക്കുന്നത്. എൻട്രീഫീസും ഭക്ഷണവും ഒഴികെ ഒരാളിൽ നിന്നും ടിക്കറ്റ് ചാർജ്ജ് 675/- രൂപ മാത്രമാണ് ഈടാക്കുന്നത്.
 

മലയും മഞ്ഞും മാത്രമല്ല നൂറുകണക്കിന് വെള്ളച്ചാട്ടങ്ങല്‍ കൂടി ചേര്‍ന്നതാണ് ഇടുക്കി.പ്രത്യേകിച്ച് മഴക്കാലത്ത്.മഴ മണ്ണിനെ അനുഗ്രഹിച്ചു കഴിഞ്ഞാൽ ഒഴുക്കുവെള്ളത്തിന്റെ മുടിയാട്ടം തുടങ്ങും.പാറക്കെട്ടുകളിൽ വന്യമായ താളങ്ങളു‍ടെ ജലതരംഗങ്ങൾ തീർത്ത് അവ പതഞ്ഞൊഴുകും, ചിലപ്പോൾ വെള്ളനുര ചിതറി.മഴയുടെ പിന്നണിയുണ്ടേൽ നിറഭേദങ്ങളോടെ…..

മൺസൂൺ മണ്ണിനെ തൊടുമ്പോൾ മെലിഞ്ഞുണങ്ങിയ നീരുറവകൾ നിറഞ്ഞൊഴുകും.ഇടുക്കി അപ്പോൾ വെള്ളച്ചാട്ടങ്ങളുടെ സ്വന്തം നാടാകും.കാഴ്ചയിൽ പാൽനുര ചിതറി ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ അതിലേക്ക് ഇറങ്ങാൻ മനസ്സിനെ ക്ഷണിക്കും. എന്നാൽ ഒഴുക്കുവെള്ളത്തിന്റെ ശക്തി പ്രവചനാതീതമാണ്.വെള്ളച്ചാട്ടങ്ങൾ കാണാനുള്ളതാണ്. പ്രകൃതിയിലലിഞ്ഞ് പുതിയൊരു ഊർജം നേടാനുള്ള അവസരം.സാഹസികതയ്ക്ക് മുതിർന്ന് അത് വീടിനും നാടിനും തോരാക്കണ്ണീരാകാതിരിക്കാനുള്ള ഉത്തരവാദിത്തം ഓരോ യാത്രികനുമുണ്ടെന്ന ഓർമ്മപ്പെടുത്തലോടെ….

Back to top button
error: