KeralaNEWS

മുഖ്യമന്ത്രി പിണറായിക്കെതിരേ അസഭ്യവര്‍ഷം: സീനിയര്‍ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

ഇടുക്കി: ഫെയ്‌സ്ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസഭ്യവര്‍ഷം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഇടുക്കി കലക്ടറേറ്റിലെ റവന്യു വിഭാഗം സീനിയര്‍ ക്ലര്‍ക്ക് കുണ്ടറ കാഞ്ഞിരകോട് രാജീവ് ഭവനില്‍ ബിജു അഗസ്റ്റിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇടുക്കി ജില്ല കളക്ടറാണ് നടപടിയെടുത്തത്. സമൂഹമാധ്യമമായ ഫേസ് ബുക്കില്‍ ഇദ്ദേഹം മുഖ്യമന്ത്രിക്കെതിരെ അസഭ്യവര്‍ഷം നടത്തിയതായി സിപിഎം പേരയം ലോക്കല്‍ സെക്രട്ടറി ജെ ഷാഫി ഇടുക്കി കലക്ടര്‍ക്ക് നല്‍കിയിരുന്നു. ജില്ലാ പൊലീസ് മേധാവി സൈബര്‍ ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് നടപടി.

പിണറായി വിജയനെയും കുടുംബാംഗങ്ങളെയും അവഹേളിച്ച് ഫേസ് ബുക്കില്‍ കമന്റിട്ട ആദിവാസി വനപാലകനെ രണ്ടാഴ്ച മുമ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പെരിയാര്‍ കടുവാസങ്കേതം വള്ളക്കടവ് റേഞ്ചിലെ കളറടിച്ചാന്‍ സെക്ഷന്‍ ഫോറസ്റ്റ് വാച്ചര്‍ ആര്‍. സുരേഷിനെയാണ് അന്വേഷണ വിധേയമായി അന്ന് സസ്‌പെന്റ് ചെയ്തത്.

വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം നടത്തിയ അധ്യാപകനെ സസ്‌പെന്റ് ചെയ്‌തെന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങളെയും അപമാനിക്കുന്ന രീതിയില്‍ കമന്റിട്ടതിനാണ് നടപടി ഉണ്ടായത്. സംഭവം സംബന്ധിച്ച് വനംമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതില്‍ അന്വേഷണം നടത്തിയ ശേഷം പെരിയാര്‍ കടുവാസങ്കേതം ഈസ്റ്റ് ഡപ്യൂട്ടി ഡയറക്ടറാണ് അന്വേഷണ വിധേയമായി സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തത്.

Back to top button
error: