കൊച്ചി: ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന പൃഥ്വിരാജ് ചിത്രം കടുവയുടെ റിലീസ് മാറ്റി. ഈ മാസം മുപ്പതിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ഒരാഴ്ചകൂടി കഴിഞ്ഞ് ജൂലൈ ഏഴിനായിരിക്കും തിയേറ്ററുകളിലെത്തുകയെന്ന് പൃഥ്വിരാജ് അറിയിച്ചു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ.
ചില അപ്രതീക്ഷിത സാഹചര്യങ്ങള്‍ കൊണ്ട് റിലീസ് ഒരാഴ്ചത്തേക്ക് മാറ്റുകയാണെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പൃഥ്വി പറഞ്ഞു. വലിയ സ്വപ്നങ്ങള്‍, വലിയ തടസ്സങ്ങള്‍, ശക്തരായ ശത്രുക്കള്‍, പോരാട്ടം കൂടുതല്‍ കഠിനമാണ്! എന്നുപറഞ്ഞുകൊണ്ടാണ് പൃഥി തന്റെ കുറിപ്പ് തുടങ്ങുന്നത്.
ഷെഡ്യൂള്‍ ചെയ്ത പ്രകാരം ഞങ്ങള്‍ എല്ലാ പ്രചാരണ പ്രവര്‍ത്തനങ്ങളും തുടരുകയും ഈ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറിനുള്ള നിങ്ങളുടെ എല്ലാ സ്‌നേഹത്തിലും പിന്തുണയിലും വിശ്വസിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള എല്ലാ ആരാധകരോടും വിതരണക്കാരോടും തിയേറ്റര്‍ ഉടമകളോടും ഞങ്ങള്‍ അഗാധമായി ക്ഷമ ചോദിക്കുന്നു എന്നും പൃഥ്വി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. കനല്‍ കണ്ണന്‍, മാഫിയാ ശശി എന്നിവരാണ് സംഘട്ടന സംവിധാനം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്.