CrimeNEWS

കൊല്ലം കളക്ടറേറ്റിലെ സ്‌ഫോടനം: നാല് പ്രതികളുടെയും റിമാൻഡ് കാലാവധി നീട്ടി

കൊല്ലം: കളക്ടറേറ്റ് സ്‌ഫോടനക്കേസിലെ നാല് പ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടി. മധുര സ്വദേശികളായ അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍ കരീംരാജ, ഷംസുദ്ദീന്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധിയാണ് ഈ മാസം 30 വരെ നീട്ടിയത്. ഇവരെ തിങ്കളാഴ്ച കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി.

കൊല്ലത്തെ സ്‌ഫോടനക്കേസില്‍ ആകെ അഞ്ചുപ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒരാളെ പോലീസ് പിന്നീട് മാപ്പുസാക്ഷിയാക്കി. മറ്റു നാല് പ്രതികളും എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടിയിലായി ബെംഗളൂരുവിലെ ജയിലിലായിരുന്നു. ഇവിടെനിന്നാണ് പ്രതികളെ കൊല്ലത്ത് എത്തിച്ച് കോടതിയില്‍ ഹാജരാക്കിയത്.

Signature-ad

2016 ജൂണ്‍ 15-നാണ് കൊല്ലം കളക്ടറേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിക്ക് സമീപം സ്‌ഫോടനമുണ്ടായത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു ജീപ്പില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുകയായിരുന്നു. തെങ്കാശിയില്‍ ബസ് മാര്‍ഗം കൊല്ലത്ത് എത്തിയ ഷംസുദ്ദീന്‍ കരീംരാജയാണ് ജീപ്പില്‍ സ്‌ഫോടക വസ്തു സ്ഥാപിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കര്‍ണാടകയിലെ മൈസൂരു, ആന്ധ്രപ്രദേശിലെ നെല്ലൂര്‍ എന്നിവിടങ്ങളിലും ഇതേ സമയത്ത് സ്‌ഫോടനം നടന്നിരുന്നു. ഈ കേസുകള്‍ പിന്നീട് എന്‍.ഐ.എ. ഏറ്റെടുത്തു.

Back to top button
error: