KeralaNEWS

നല്ലപിള്ള ചമയുന്ന മുഖ്യമന്ത്രി പഴയ കാര്യങ്ങളെല്ലാം മറന്നോ? വി.ഡി. സതീശൻ

തിരുവനന്തപുരം: പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്ന ആളെ ഇറക്കിവിടുമെന്ന ഭീഷണി സംസ്ഥാനത്ത് ആദ്യമായാണെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. പത്രസമ്മേളനത്തിനിടെ നിരന്തരം ശല്യപ്പെടുത്തുകയും ഒരേ ചോദ്യംതന്നെ നാലും അഞ്ചും തവണ ചോദിക്കുകയും ചെയ്തപ്പോഴാണ് ഇറങ്ങിപ്പോകാന്‍ എന്നെക്കൊണ്ട് പറയിക്കരുത് എന്ന് പറഞ്ഞത്. എന്നാല്‍ പൊതുയോഗത്തിനിടെ അന്നത്തെ മാതൃഭൂമി എഡിറ്ററെ എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ച് സംസാരിച്ചത് ആരാണെന്ന് സതീശന്‍ ചോദിച്ചു. മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് ആരാണ് ? ചെവി ഇങ്ങോട്ട് കാണിച്ചാല്‍ മറുപടി പറയാം എന്ന് പറഞ്ഞത് ആരാണ് ? കേരളത്തില്‍ മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടെന്ന് പറയുകയും മാധ്യമ പ്രവര്‍ത്തകരോട് ആക്രോശിക്കുകയും ചെയ്തിട്ടുള്ളയാള്‍ ഇപ്പോള്‍ നല്ലപിള്ള ചമയുമ്പോള്‍ ഇന്നലത്തെ കാര്യങ്ങളെല്ലാം മറന്നോ എന്ന് എങ്ങനെ ചോദിക്കാതിരിക്കും എന്ന് സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

കെപിസിസി ഓഫീസ് ആക്രമിച്ചു, പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ചു കയറി, കോണ്‍ഗ്രസിന്റെ ഓഫീസുകള്‍ ആക്രമിച്ചു, 5 ഓഫീസുകള്‍ കത്തിച്ചു. 30 – 40 ഓഫീസുകളാണ് ആക്രമിക്കപ്പെട്ടത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു. എന്നിട്ടും കോണ്‍ഗ്രസ് കലാപം നടത്തിയെന്നാണ് പറയുന്നത്. രണ്ട് കുട്ടികള്‍ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയതിന് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

നിയമസഭയില്‍ പ്രതിപക്ഷത്തിന്റേത് ഹീനമായ പെരുമാറ്റമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. സ്പീക്കറുടെ ഡയസടക്കം അടിച്ചു തകര്‍ക്കുന്ന തരത്തില്‍ നിയമസഭയ്ക്കുതന്നെ അമപാനമുണ്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം കൊടുത്ത പിണറായി വിജയന്‍തന്നെ പ്രതിപക്ഷത്തിന്റേത് ഹീനമായ പെരുമാറ്റമാണെന്ന് ആരോപിക്കുന്നു. അദ്ദേഹം പെരുമാറിയതുപോലെ ഒരു കാലത്തും യുഡിഎഫ് നിയമസഭയില്‍ പെരുമാറിയിട്ടില്ല. അദ്ദേഹത്തില്‍നിന്ന് സഭാമര്യാദ പഠിക്കേണ്ട ആവശ്യം യുഡിഎഫിനും കോണ്‍ഗ്രസിനുമില്ല.

രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്ത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പറയുന്നു. പോലീസ് അന്വേഷിക്കുന്ന വിഷയമാണിത്. എഡിജിപി മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചോ ? പോലീസ് സീന്‍ മഹസര്‍പോലും തയ്യാറാക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസാണ് ഗാന്ധിചിത്രം തകര്‍ത്തത് എന്ന വിവരം എവിടെനിന്ന് കിട്ടി ? എസ്.എഫ്.ഐക്കാര്‍ പറഞ്ഞതാണോ ? ഒരു കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഇത്തരത്തില്‍ പറഞ്ഞത് നിയമവിരുദ്ധമാണ്. അന്വേഷണം നടത്തുന്ന എഡിജിപി മനോജ് എബ്രഹാമിന് ഇനി മറ്റൊരു നിലപാട് സ്വീകരിക്കാന്‍ കഴിയുമോ ? അന്വേഷണം പുരോഗമിക്കുന്ന സ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുക്കുന്നത് എന്തടിസ്ഥാനത്തിലാണ് ? പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ലല്ലോ എന്നും വി.ഡി സതീശന്‍ ചോദിച്ചു.

കോണ്‍ഗ്രസ് കലാപാഹ്വാനം നടത്തി എന്ന് പറയുന്നവര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന് വീണ ജോര്‍ജിന്റെ സ്റ്റാഫിനെതിരെ കേസെടുത്തോ ? സിപിഎം നല്‍കുന്ന ലിസ്റ്റ് പ്രകാരം കേസെടുക്കുകയാണ്. അന്വേഷണം കാര്യക്ഷമമല്ല. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ അതിക്രമിച്ച് കയറിയ ആളെ ജാമ്യത്തില്‍വിടാന്‍ നിര്‍ദ്ദേശം നല്‍കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അതിക്രമിച്ച് കടന്നാല്‍ ജാമ്യം കിട്ടുമേ ? പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന് പറഞ്ഞാള്‍ക്കെതിരെ പോലും കേസെടുത്തില്ല.

കേരളത്തില്‍ മുഴുവന്‍ അക്രമവും അഴിച്ചുവിട്ടിട്ട് ന്യായീകരിക്കുന്നതു കേട്ടാല്‍ അത്ഭുതം തോന്നുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ സിപിഎം ഹര്‍ത്താല്‍ നടത്തി. പക്ഷെ മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ യോഗമാണ് ബഫര്‍സോണ്‍ വിഷയത്തില്‍ തീരുമാനമെടുത്ത്. സുപ്രീം കോടതി അതേ തീരുമാനമെടുത്തപ്പോള്‍ ഹര്‍ത്താല്‍ നടത്തിയത് ആരെ പറ്റിക്കാനാണ് ? മന്ത്രിസഭായോഗ തീരുമാനം ഉത്തരവായി പുറത്തിറങ്ങിയതാണ്. കര്‍ഷകരെയും ജനങ്ങളെയും ദ്രോഹിക്കാനുള്ള തീരുമാനം ആദ്യം എടുത്തത് പിണറായി വിജയന്റെ മന്ത്രിസഭയാണ്. അതേ തീരുമാനമാണ് സുപ്രീം കോടതി ഉത്തരവായി പുറത്തുവന്നതെന്നും വി.ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: