പ്രമേഹരോഗത്തെ കുറിച്ച് നമുക്കെല്ലാം അറിയാം. രക്തത്തിലെ ഷുഗര്‍ നില ഉയരുന്ന അവസ്ഥയാണ് പ്രമേഹത്തില്‍ സംഭവിക്കുന്നത്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ പല തരത്തിലുള്ള അനന്തരഫലങ്ങളും അനുഭവിക്കേണ്ടതായി വരാം. ചിലര്‍ക്ക് പ്രമേഹം നിയന്ത്രിക്കുന്നതിന് ഭക്ഷണം മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. മറ്റ് ചിലര്‍ക്ക് പതിവായി ഇന്‍സുലിന്‍ എടുക്കുന്നതടക്കമുള്ള ചികിത്സയും വേണ്ടിവരാം.
പ്രമേഹം അധികരിക്കുമ്പോള്‍ സംഭവിക്കാവുന്നൊരു പ്രശ്നമാണ് കൈകാലുകളില്‍ മുറിവുണ്ടാകുന്നതും അത് പഴുക്കുന്നതുമെല്ലാം. ഈ പ്രശ്നം നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ അത് വിരലുകളോ കൈകാലുകളോ തന്നെ മുറിച്ചുമാറ്റേണ്ടതായി ( Diabetic Amputations ) വരാം. പ്രമേഹം കൂടുമ്പോള്‍ രക്തക്കുഴലുകളിലൂടെയുള്ള രക്തത്തിന്‍റെ സഞ്ചാരം മന്ദഗതിയിലാകുന്നു. ഇതിലൂടെ രക്തയോട്ടം കുറയുന്നു.
പ്രധാനമായും കൈകാലുകളിലേക്കുള്ള രക്തയോട്ടമാണ് ഇത്തരത്തില്‍ കുറയുന്നത്. ഇതിന്‍റെ ഭാഗമായാണ് ഇവിടങ്ങളില്‍ ചെറിയ വ്രണങ്ങളുണ്ടാവുന്നത്. വ്രണങ്ങളുണ്ടാകും മുമ്പ് തന്നെ ഇതിനുള്ള ചില സൂചനകള്‍ പ്രകടമായിരിക്കും. ചര്‍മ്മത്തില്‍ നിറവ്യത്യാസം, മരവിപ്പ്, പഴുപ്പ് പുറത്തേക്ക് വരല്‍ എല്ലാം പ്രമേഹം അധികരിക്കുന്നത് മൂലം വ്രണങ്ങളുണ്ടാകുന്നതിന്‍റെ തുടക്കമാണ്.
പ്രമേഹരോഗികള്‍ പതിവായി ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്താൻ സാധിച്ചാല്‍ ഫലപ്രദമായി ഇതിനെ നേരിടാൻ സാധിക്കും. അല്ലാത്തപക്ഷം ബാക്ടീരിയ വ്യാപിച്ച് വ്രണം ഭേദപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലെത്തുകയും വിരലുകളോ മറ്റോ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്യാം.
ഇത്തരത്തില്‍ പ്രമേഹരോഗികളില്‍ മുറിവുകള്‍ സംഭവിക്കുന്നത് തടയാൻ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുമുണ്ട്. അങ്ങനെയുള്ള മൂന്ന് കാര്യങ്ങള്‍ കൂടി പങ്കുവയ്ക്കുന്നു.
1. എല്ലാ ദിവസവും ആരോഗ്യം സ്വന്തമായി തന്നെ വിലയിരുത്തുക. കാല്‍പാദങ്ങള്‍ പ്രത്യേകമായി നിരീക്ഷിക്കുക. ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ തോന്നിയാല്‍ ഉടനെ ഡോക്ടറെ കാണുക.
2. പ്രമേഹമുള്ളവര്‍ നിര്‍ബന്ധമായും അത് നിയന്ത്രിക്കുക. ഭക്ഷണത്തിലൂടെയും ചികിത്സയിലൂടെയും നിയന്ത്രിക്കാം. ഇക്കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്.
3. പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ നിര്‍ബന്ധമായും അതുപേക്ഷിക്കുക. പുകവലി പ്രമേഹം അധികരിക്കുന്നതിന് ഇടയാക്കും.