കാസര്‍കോട്: ഗള്‍ഫില്‍ നിന്ന് ഞായറാഴ്ച നാട്ടിലെത്തിയ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് കൊലപ്പെടുത്തി. കുമ്പള മുഗുവിലെ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് മരിച്ചത്. കൊലപ്പെടുത്തിയശേഷം മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് കൊലയാളികൾ കടന്നു കളഞ്ഞു. സിദ്ദീഖിന്റെ സഹോദരൻ മുഗുറോഡിലെ അൻവറിനെ ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രിയോടെയാണ് ക്രൂരമായ നിലയിൽ മർദ്ദനവും കുത്തും ഏറ്റനിലയിൽ സിദ്ദിഖിനെ ഒരുസംഘം ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പരിശോധിച്ചപ്പോൾ മരിച്ചതായി തിരിച്ചറിഞ്ഞു. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ദുബായിലേക്ക് ഡോളർ കൊണ്ടു പോയതുമായി ബന്ധപ്പെട്ട തർക്കമാണത്രേ കൊലപാതകത്തിലേക്കു നയിച്ചത്.
സിദ്ദീഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് മുഗുവിലെ അൻസാരിയെയും പൈവളിഗെയിലെ ഒരുസംഘം കഴിഞ്ഞദിവസം തട്ടികൊണ്ടുപോയിരുന്നു. സിദ്ദീഖ് നാട്ടിലെത്തിയത് ഇതറിഞ്ഞാണ്. മംഗളൂരുവിൽ വിമാനമിറങ്ങിയ സിദ്ദീഖ് നേരെ പൈവളികെയിൽ സംഘത്തിന്റെ കേന്ദ്രത്തിലേക്ക് പോയി. തുടർന്നുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട സിദ്ദീഖിനെ സംഘം കാറിൽ ബന്തിയോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മരിച്ചെന്ന് അറിഞ്ഞതോടെ ഇവർ കാറിൽ കടന്നുകളഞ്ഞു. പിന്നാലെ അൻവറിനെയും ആശുപത്രിയിലെത്തിച്ചു. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ അൻവറിനെ പിന്നീട് മംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു. സുഹൃത്ത് അൻസാരിയെ കുറിച്ച് വിവരമില്ല. സിദ്ദീഖിന് ഭാര്യയും പെൺകുട്ടിയുമുണ്ട്.
സിദ്ദീഖിന്‍റെ മൃതദേഹത്തില്‍ പരിക്കുകളുണ്ട്. കാല്പാദത്തിനടിയില്‍ നീലിച്ച പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു