KeralaNEWS

നിയമസഭയുടെ അഞ്ചാം സമ്മേളനം നാളെ തുടങ്ങും; വര്‍ധിത വീര്യത്തോടെ പ്രതിപക്ഷം, പ്രതിരോധിച്ച് ഭരണപക്ഷം

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത സംഭവം മുതൽ സ്വര്‍ണ്ണക്കടത്ത് കേസിലെ ആരോപണത്തിൽ വരെ അലയടിക്കുന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കിടെ പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം നാളെ തുടങ്ങും. കൈവിട്ട സമരങ്ങളിൽ വിട്ടുവീഴ്ചക്കില്ലെന്ന് ഇരുവിഭാഗവും നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിൽ സഭാ സമ്മേളനം കലുഷിതമാകുമെന്ന് ഉറപ്പ്.

തൃക്കാക്കര തെരഞ്ഞെടുപ്പ് ജയം നൽകിയ വലിയ ആത്മവിശ്വാസത്തിൽ നിയമസഭയിലേക്ക് എത്തുന്ന പ്രതിപക്ഷത്തിന് വര്‍ദ്ധിത വീര്യം നൽകുന്നതാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം. എസ്എഫ്ഐയുടെ കൈവിട്ട കളിയിൽ സര്‍ക്കാരാകട്ടെ കനത്ത പ്രതിരോധത്തിലും. സമരത്തെ തള്ളിപ്പറഞ്ഞതുകൊണ്ട് മാത്രം പ്രശ്നം തീരില്ലെന്ന് പ്രതിപക്ഷം ഉറപ്പിക്കുമ്പോൾ പ്രശ്നം ആദ്യ ദിവസം തന്നെ സഭാതലത്തിൽ കത്തിക്കയറുമെന്ന് ഉറപ്പ്.

സ്വര്‍ണ്ണക്കടത്ത് കേസിലെ ആരോപണം മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയാണ്. തൃക്കാക്കരക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്താത്ത പിണറായി വിജയന് സ്വര്‍ണ്ണക്കടത്ത് ആക്ഷേപത്തിൽ എന്ത് പറയാനുണ്ടെന്ന് സഭാ സമ്മേളനത്തിൽ വ്യക്തമാകും. സിൽവര്‍ ലൈൻ മുതൽ ബഫര്‍ സോൺ വരെയുള്ള വിഷയങ്ങളിൽ സര്‍ക്കാര്‍ നിലപാടുകളിൽ നെല്ലും പതിരും തിരിയും വിധം ഇഴകീറിയ ചര്‍ച്ച നടക്കും.

ലോക കേരളസഭാ വിവാദം , പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് തട്ടിപ്പ്, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന തുടങ്ങി നിരയിലേക്ക് തൊടുക്കാൻ പ്രതിപക്ഷത്തിന് ആയുധങ്ങളേറെയാണ്. പിടി തോമസിന്റെ വിയോഗ ശേഷം സഭയിലെത്തുന്ന ഉമാ തോമസും സമ്മേളനത്തിലെ ശ്രദ്ധാ കേന്ദ്രമാകും. ജൂലൈ 27 വരെ 23 ദിവസമാണ് ഷെഡ്യൂൾ. പ്രതിഷേധങ്ങളുടെ തീവ്രതയനുസരിച്ചിരിക്കും സമ്മേളന ദൈര്‍ഘ്യം കുറയാനും സാധ്യതയേറെ.

Back to top button
error: