KeralaNEWS

പ്ലസ് വണ്‍ പ്രവേശനം: ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാവര്‍ക്കും വേണ്ടെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എല്‍സി പാസ്സായ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

പ്രത്യേക സംവരണ സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ ഉള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികളും ഒ.ഇ.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളും മാത്രം വില്ലേജ് ഓഫീസില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് അഡ്മിഷനായി ഹാജരാക്കിയാല്‍ മതി.

Signature-ad

പ്ലസ് വണ്‍ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കാന്‍ കുട്ടികളുടെ കൈവശമുള്ള എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് മതിയാവും എന്നും അതില്‍ വിലാസവും ജാതിയും രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസഡയറക്ടര്‍ വിശദീകരിക്കുന്നു.

പ്ലസ് വണ്‍ പ്രവേശനത്തിന് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു . മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണത്തില്‍ പ്രതിസന്ധിയുണ്ടെന്ന വിവിധ കോണുകളില്‍ ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രി നിലപാട് വ്യക്തമാക്കിയത്. പ്ലസ് വണ്‍ സീറ്റുകളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും എല്ലാവര്‍ക്കും ഉപരിപഠനം ഉറപ്പു വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Back to top button
error: