പത്തനംതിട്ട: ഹാര്‍ബറുകളില്‍ മല്‍സ്യ ലഭ്യത കുറഞ്ഞതോടെ, കേരളത്തിൽ വീണ്ടും പഴകിയ മത്സ്യം വ്യാപകമാകുന്നു.
സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെയാണ് മല്‍സ്യലഭ്യത കുറഞ്ഞത്.ഇത് വിലക്കയറ്റത്തിനും കാരണമായിട്ടുണ്ട്.നെയ്മീന് ഇപ്പോള്‍ കിലോയ്ക്ക് 1350 രൂപ മുതലാണ് വില. ട്രോളിങ്ങ് നിരോധനത്തിന് മുൻപ് 900-1000 രൂപയായിരുന്നു നെയ്മീന് കിലോയ്ക്ക് വില.കൊല്ലം നീണ്ടകര, മല്‍സ്യബന്ധന തുറമുഖത്തുനിന്നു കച്ചവടക്കാര്‍ എടുത്ത് ചില്ലറ വില്‍പന നടത്തുന്നതിന്‍റെ വിലയാണിത്.
സാധാരണക്കാര്‍ കൂടുതലായും വാങ്ങുന്ന നാടന്‍ മത്തിയ്ക്ക്(തെക്കന്‍ മത്തി) കിലോയ്ക്ക് 200 രൂപ മുതലാണ് വില.ചില സ്ഥലങ്ങളില്‍ ഇത് 230 രൂപയുമാണ്. അയല ചെറുതാണെങ്കില്‍ 200 രൂപ മുതലും വലുതാണെങ്കില്‍ 300 രൂപ മുതലുമാണ് വില.
ചൂരയുടെ വില കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലാണ്.ചില ദിവസങ്ങളില്‍ ഇത് 300-350 രൂപ വരെ ആകുന്നുണ്ട്.ചെറിയ ചെമ്മീന് 450 രൂപ മുതല്‍ മുകളിലോട്ടാണ് വില.കേര മല്‍സ്യത്തിന് 500-600 രൂപയാണ് ഇപ്പോള്‍ വില. ട്രോളിങ് നിരോധനത്തിന് മുൻപ് ഇത് 400 രൂപയായിരുന്നു.സാധാരണക്കാരുടെ എന്നത്തേയും ആശ്വാസമായിരുന്ന നെത്തോലിക്ക് (നെത്തല്‍)200 രൂപ മുകളിലാണ് ഇപ്പോൾ വില.മുൻപ് 70 രൂപ മുതല്‍ 100 രൂപ വരെയായിരുന്നു വില.
സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നതുകൊണ്ടും മല്‍സ്യലഭ്യത കുറഞ്ഞതുമാണ് വില കൂടാന്‍ കാരണം. ജനപ്രിയമായ ഒട്ടുമിക്ക മല്‍സ്യങ്ങളും ലഭിക്കാത്ത സാഹചര്യവുമുണ്ട്.ഇപ്പോള്‍ കൂടുതലായി ലഭിക്കുന്നത് അയല കൊഴുവയാണ്.അതിന് വില കൂടാതിരിക്കാന്‍ കാരണവും അതാണ്. ഹാര്‍ബറുകളില്‍ മല്‍സ്യ ലഭ്യത കുറഞ്ഞതോടെ, കച്ചവടക്കാര്‍ കമ്മീഷന്‍ കടകളെ ആശ്രയിക്കുന്നതും കൂടിയിട്ടുണ്ട്. ഇത് പഴകിയ മല്‍സ്യങ്ങള്‍ വീണ്ടും വ്യാപകമാകാന്‍ കാരണമാകുകയാണ്.