CrimeNEWS

ക്യാമറയില്‍ പെടാതിരിക്കാനുള്ള ‘ലോഡിങ്’ നമ്പര്‍ പൊളിച്ച് പോലീസ്; അമ്മയും മകനും പെട്ടു!

കാഞ്ഞങ്ങാട്: ഗതാഗത നിയമലംഘനം നടത്തുന്നവരെ കുടുക്കാന്‍ നാടെങ്ങും ക്യാമറയുമായി സര്‍ക്കാര്‍ വകുപ്പുകള്‍ സജ്ജമാകുമ്പോള്‍ കെണിയില്‍ പെടാതിരിക്കാനുള്ള കുറുക്കുവഴികള്‍ക്കായുള്ള ഓട്ടത്തിലാണ് യുവതലമുറയിലധികവും. നമ്പര്‍പ്ലേറ്റ് അഴിച്ചുവെച്ചും നമ്പര്‍ മറച്ചുമൊക്കെ ബൈക്കുകള്‍ നിരത്തുകളില്‍ ചീറിപ്പായുന്നുണ്ട്. ഇവര്‍ക്കു പിന്നാലെ പോലീസുമുണ്ട്.

ഇത്തരത്തില്‍ അധിബുദ്ധികാട്ടിയ യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയപ്പോള്‍ കുടുങ്ങിയത് മാതാവും. പോലീസിന്‍െ്‌റയും കാ്യമറകളുടെയും കണ്ണില്‍പെട്ടാലും രക്ഷപ്പെടാന്‍ ഇരുപത്തൊന്നുകാരന്‍ നടത്തിയ ‘അഴിച്ചുപണി’യാണ് ആര്‍.സി. ഓണറായ അമ്മയെയും കുടുക്കിയത്.

ബൈക്കിന്‍െ്‌റ നമ്പര്‍ പ്ലേറ്റ് മാറ്റി പകരം ‘ലോഡിങ്’ എന്ന ബോര്‍ഡാണ് യുവാവ് ഫിറ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നയാബസാറില്‍നിന്ന് ഈ വണ്ടി പോലീസ് കണ്ടെത്തുകയും യുവാവിന്‍െ്‌റ ‘നമ്പര്‍’ പൊളിക്കുകയുമായിരുന്നു. പാറപ്പള്ളിയിലെ ജെ.പി.ജാബിര്‍ (21) ആണ് പോലീസ് പിടിയിലായത്. റോഡരികിലെ ക്യാമറയില്‍ പതിയുമ്പോള്‍ ബൈക്ക് ആരുടേതെന്ന് തിരിച്ചറിയാതിരിക്കാനാണ് നമ്പര്‍ മാറ്റിയതെന്ന ആശ്ചര്യപ്പെടുത്തുന്ന മറുപടിയാണ് ഈ യുവാവില്‍നിന്ന് കിട്ടിയതെന്ന് പോലീസ് പറയുന്നു. റോഡിലൂടെ അമിത വേഗത്തിലാണ് സഞ്ചാരം. പോലീസ് കൈനീട്ടിയാലും നിര്‍ത്തില്ല.

നമ്പര്‍ നോക്കി പിടിക്കാമെന്ന് കരുതിയാല്‍ ഒന്നുകില്‍ നമ്പറുണ്ടാകില്ല. അല്ലെങ്കില്‍ നമ്പര്‍ മാറ്റമായിരിക്കും. ഇത്തരത്തില്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട ബൈക്കുകള്‍ കാഞ്ഞങ്ങാട്ടുമാത്രം പത്തിലേറെ വരുമെന്ന് ഹൊസ്ദുര്‍ഗ് പോലീസ് പറഞ്ഞു. ജാബിറിന്റെ മാതാവിന്റെ പേരിലാണ് ആര്‍.സി.യെന്ന് പോലീസ് പറഞ്ഞു.

ആര്‍.സി.യും ലൈസന്‍സും സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹൊസ്ദുര്‍ഗ് എസ്.ഐ. കെ.പി.സതീഷ് പറഞ്ഞു. ജാബിറിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. ബൈക്ക് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Back to top button
error: