CrimeIndiaNEWS

തുരുമ്പ് പോലും ബാക്കിയില്ല; തമിഴ്‌നാട്ടില്‍ കള്ളന്മാര്‍ അടിച്ചുമാറ്റിയത് 600 ലേറെ മൊബൈല്‍ ടവറുകള്‍!

ചെന്നൈ: മോഷണത്തിന്‍െ്‌റ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും അടുത്തകാലത്തുണ്ടായ ഏറ്റവും ഞെട്ടിക്കുന്ന ഒരു മോഷണത്തിന്‍െ്‌റ വിവരമാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍നിന്നു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വകാര്യ മൊബൈല്‍ കമ്പനി തമിഴ്നാട്ടില്‍ സ്ഥാപിച്ച 600-ഓളം മൊബൈല്‍ ഫോണ്‍ ടവറുകള്‍ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രവര്‍ത്തനരഹിതമായിരുന്ന ടവറുകള്‍ കള്ളന്മാര്‍ അഴിച്ചെടുത്ത് കൊണ്ടുപോയെന്നാണ് മുംബൈ ആസ്ഥാനമായുള്ള ജി.ടി.എല്‍. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ പരാതി. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ടവറുകളാണ് കാണാതായിരിക്കുന്നത്. സംഭവത്തില്‍ കമ്പനിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Signature-ad

മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്ന ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആറായിരത്തിലേറെ ടവറുകളാണ് തമിഴ്നാട്ടില്‍ മാത്രം സ്ഥാപിച്ചിരുന്നത്. ചെന്നൈയില്‍ കമ്പനിയുടെ റീജണല്‍ ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. 2018-ല്‍ ഭീമമായ നഷ്ടം കാരണം കമ്പനി സേവനം അവസാനിപ്പിച്ചു. ഇതോടെ ടവറുകളുടെ പ്രവര്‍ത്തനവും നിലച്ചു. പ്രവര്‍ത്തനരഹിതമായിരുന്നെങ്കിലും നേരത്തെ സ്ഥാപിച്ച ടവറുകളെല്ലാം കമ്പനി നിരീക്ഷിച്ചിരുന്നു.

എന്നാല്‍ കോവിഡ് ലോക്ഡൗണ്‍ കാരണം ഇത് മുടങ്ങി. അടുത്തിടെ ഈറോഡില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് ടവര്‍ അപ്രത്യക്ഷമായിരിക്കുന്നത് കമ്പനി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ലോക്ഡൗണ്‍ മുതലെടുത്ത് അജ്ഞാതസംഘം അറുന്നൂറോളം ടവറുകള്‍ കടത്തിക്കൊണ്ടുപോയെന്നാണ് കമ്പനി അധികൃതരുടെ പരാതി. പോലീസും കമ്പനിയും നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഒരു ടവര്‍ മാത്രമല്ല, ഏകദേശം അറുന്നൂറോളം ടവറുകള്‍ മോഷണം പോയതായി കണ്ടെത്തിയത്. കോടികളുടെ മോഷണമാണ് നടന്നിരിക്കുന്നതെന്നു കമ്പനി അധികൃതര്‍ പറഞ്ഞു. ഒരു മൊബൈല്‍ ഫോണ്‍ ടവറിന് ഏകദേശം 25 മുതല്‍ 40 ലക്ഷം രൂപ വരെയാണ് വിലവരുന്നത്.

Back to top button
error: