IndiaNEWS

വിശദീകരണം പോര… പ്രിൻസിപ്പലിന്റെ കരണത്തടിച്ച് എംഎൽഎ; സംഭവത്തില്‍ അന്വേഷണം തുടങ്ങി

ബം​ഗളൂരു: ‌കർണാടകയിൽ കോളേജ് പ്രിൻസിപ്പലിന്റെ കരണത്തടിച്ച് ജെഡിഎസ് എംഎൽഎ. കമ്പ്യൂട്ടർ ലാബിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. പ്രിന്‍സിപ്പലിന്‍റെ പരാതിയില്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് സംഭവത്തില്‍ അന്വേഷണം തുടങ്ങി. മാണ്ഡ്യ കൃഷ്ണരാജ സര്‍ക്കാര്‍ ഐടിഐ കോളേജിന്‍റെ നവീകരിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎല്‍എ.

Signature-ad

 

ഉദ്ഘാടന വേളയിൽ, ലബോറട്ടറിയിലെ പ്രവർത്തനത്തെക്കുറിച്ച് പ്രിൻസിപ്പൽ നാഗാനന്ദ് വ്യക്തമായി വിശദീകരിക്കാത്തതാണ് എംഎല്‍എ എം ശ്രീനിവാസിനെ ചൊടിപ്പിച്ചത്. അധ്യാപകരും പ്രാദേശിക നേതാക്കളും നോക്കി നില്‍ക്കേ പ്രിന്‍സിപ്പലിന്‍റെ മുഖത്ത് എംഎൽഎ രണ്ട് തവണ തല്ലുകയായിരുന്നു. പിന്നാലെ ഉറക്കെ ശകാരിച്ചു.

എന്നിട്ടും ദേഷ്യം തീരാതെ വീണ്ടും തല്ലാന്‍ ഒരുങ്ങിയ എംഎല്‍എയെ മാണ്ഡ്യയിലെ പ്രാദേശിക നേതാക്കള്‍ ചേര്‍ന്നാണ് പിന്തിരിപ്പിച്ചത്. മികച്ച അക്കാദമിക്ക് റെക്കോര്‍ഡുള്ള അധ്യാപകനാണ് മര്‍ദ്ദനമേറ്റ നാഗാനന്ദ്. സര്‍ക്കാര്‍ അധ്യാപക സംഘടന വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയതോടെ സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എംഎല്‍എയ്ക്ക് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Back to top button
error: