KeralaNEWS

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: ജ്വല്ലറി ഡയറക്ടര്‍മാരേയും അറസ്റ്റ് ചെയ്യണമെന്ന് പരാതിക്കാർ

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ജ്വല്ലറി ഡയറക്ടര്‍മാരേയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കേസിലെപരാതിക്കാർ. സ്വര്‍ണ്ണമടക്കം കമ്പനി ഡയറക്ടര്‍മാര്‍ എടുത്തുകൊണ്ട് പോയെന്നും ഇത് അന്വേഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

ഫാഷന്‍ ഗോൾഡ് നിക്ഷേപ തട്ടിപ്പില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി 170 ല്‍ അധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 700 പേരെങ്കിലും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ പറയുന്നത്. വിവാദം നടക്കുന്നതിനിടെ കിലോക്കണക്കിന് സ്വര്‍ണ്ണവും വജ്രങ്ങളും വിലപിടിച്ച വാച്ചുകളും ഡയറക്ടര്‍മാര്‍ കടത്തിക്കൊണ്ട് പോയിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നുമാണ് ആവശ്യം.

ജ്വല്ലറി ചെയര്‍മാനും മഞ്ചേശ്വരം മുന്‍ എംഎല്‍എയുമായിരുന്ന എംസി കമറുദ്ദീന്‍, മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ എന്നിവരില്‍ കേസ് ഒതുക്കാനുള്ള ശ്രമമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുള്ളതെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കണ്ണൂര്‍ റൂറല്‍ എസ്പിക്ക് നിക്ഷേപകര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഡയറക്ടര്‍മാരുടെ വീട്ടു പടിക്കല്‍ സമരം നടത്തുമെന്നും വഞ്ചിക്കപ്പെട്ടവര്‍ വ്യക്തമാക്കി.

Back to top button
error: