ആലുവ- പേട്ട റൂട്ടില്‍ മെട്രോ സര്‍വീസ് ഇന്ന് മുതല്‍ സാധാരണ നിലയിലേക്ക്. പത്തടിപ്പാലത്തെ 347-ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ പൂര്‍ത്തിയായതോടെയാണ് ആലുവ- പത്തടിപ്പാലം റൂട്ടില്‍ ഇന്നു മുതല്‍ സാധാരണ നിലയില്‍ സര്‍വീസ് ആരംഭിച്ചതെന്ന് കെഎംആര്‍എല്‍ അറിയിച്ചത്. ഇന്ന് മുതല്‍ ഏഴര മിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍ ഈ റൂട്ടില്‍ ഓടും. നേരത്തെ 20 മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകള്‍ ആലുവയ്ക്കും പത്തടിപ്പാലത്തിനും ഇടയില്‍ സര്‍വീസ് നടത്തിയിരുന്നത്.
ഈ റൂട്ടില്‍ ഇരു ട്രാക്കുകളും ഗതാഗതത്തിന് ഉപയോഗിച്ചു തുടങ്ങിയതോടെ ആലുവ- പേട്ട റൂട്ടില്‍ തിങ്കള്‍ മുതല്‍ ശനി വരെ തിരക്കുള്ള സമയങ്ങളില്‍ ഏഴര മിനിറ്റും മറ്റ് സമയങ്ങളില്‍ എട്ടര മിനിറ്റും ഇടവിട്ട് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും. കുസാറ്റ് മുതല്‍ പത്തടിപ്പാലം വരെയുണ്ടായിരുന്ന വേഗ നിയന്ത്രണം ഘട്ടം ഘട്ടമായി ഒഴിവാക്കും.
നാല് പൈലുകള്‍ അധികമായി സ്ഥാപിച്ച് പൈല്‍ ക്യാപ് മുഖേന തൂണുമായി ബന്ധിപ്പിച്ചാണ് പത്തടിപ്പാലത്തെ അടിത്തറ ശക്തിപ്പെടുത്തിയത്