CrimeNEWS

കൊളുന്തിന്റെ അളവ് കുറഞ്ഞതിന് വനിതാ തൊഴിലാളിയെ ആക്രമിച്ചു, വയറ്റില്‍ ചവിട്ടി; ഫീല്‍ഡ് ഓഫീസര്‍ക്കെതിരെ പരാതി

മൂന്നാര്‍: കൊളുന്ത് കൂടുതല്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീതൊഴിലാളിയേയും ഭര്‍ത്താവിനെയും ഫീല്‍ഡ് ഓഫീസര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ചെണ്ടുവാര എസ്റ്റേറ്റില്‍ വട്ടവട ഡിവിഷനില്‍ രവി (38) ഭാര്യ സുഗിത (31) എന്നിവരെയാണ് ഫീല്‍ഡ് ഓഫീസര്‍ ബെന്നി (30) ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഗിത 30 കിലോ കൊളുന്താണ് അന്നേദിവസം രാവിലെ 11 മണിവെര എടുത്തത്.

എന്നാല്‍ ഫീല്‍ഡ് ഓഫീസര്‍ 100 കിലോ കൊളുന്ത് എടുക്കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി 80 കിലോ കൊളുന്ത് എടുത്തെങ്കിലും അന്നേ ദിവസം ഹാജര്‍ നല്‍കിയില്ല. സംഭവം യുവതി ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത കുമാറിനെ അറിയിച്ചു. ശനിയാഴ്ച പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം യുവതി ഭര്‍ത്താവിനൊപ്പം ജോലിക്കുപോയി. ഉച്ചയോടെ ഭര്‍ത്താവ് രവി 90 കിലോ കൊളുന്ത് എടുത്തെങ്കിലും നൂറ് കിലോ എടുക്കണമെന്ന് ഫീല്‍ഡ് ഓഫീസര്‍ ആവശ്യപ്പെട്ടു. ഈ സമയം സുഗിത എടുത്ത കൊളുന്ത് ഭര്‍ത്താവിന് നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

അനുവാദമില്ലാതെ കൊളുന്ത് മാറ്റിയത് സംബന്ധിച്ച് ഫീല്‍ഡ് ഓഫീസര്‍ ബെന്നിയും രവിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അത് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. രവിക്ക് നേരെയുള്ള ആക്രമണം തടയാന്‍ ശ്രമിച്ചതാണ് സുഗിതയ്ക്ക് പരിക്കേല്‍ക്കാന്‍ കാരണം. സുഗിതയെ ഫീല്‍ഡ് ഓഫീസര്‍ ഷൂ ഇട്ട കാല്‍ ഉപയോഗിച്ച് വയറ്റില്‍ ചവിട്ടുകയും ചെയ്തു. ഇവര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍ ദമ്പതികളാണ് ആക്രമണം നടത്തിയതെന്നാണ് ഫീല്‍ഡ് ഓഫീസര്‍ ബെന്നിയുടെ വാദം. ഇദ്ദേഹവും മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മൂന്നാര്‍ പൊലീസ് ഇരുവരും നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: