തൃശൂര്‍: ഗള്‍ഫില്‍നിന്നും സ്വര്‍ണം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൂടെ കേരളത്തിലേക്ക് കടത്തുന്നത് തുടരുന്നു. മലപ്പുറത്തേക്ക് കാറില്‍ സ്വര്‍ണ്ണം കടത്തുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വര്‍ണ്ണം കൊടുങ്ങല്ലൂരില്‍വച്ചാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ നിഷാജ്, സബീല എന്നിവരെ അറസ്റ്റ് ചെയ്തു.
തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കൊടുങ്ങല്ലൂര്‍ പൊലീസ് നടത്തിയ നൈറ്റ് പട്രോളിങ്ങിനിടെയാണ് സ്വര്‍ണം പിടികൂടിയത്. മലപ്പുറം സ്വദേശി നിഷാജ് എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന പാന്‍സിലും ടി ഷര്‍ട്ടിലും, കാറിന്റെ ഗിയര്‍ ബോക്‌സിലും ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
ചോദ്യം ചെയ്യലില്‍ ദുബായില്‍ നിന്നും നെടുമ്പാശേരിയിലേക്ക് സ്വര്‍ണമെത്തിച്ചത് അഴീക്കോട് സ്വദേശി സബീലാണെന്ന് നിഷാജ് പറഞ്ഞു. വിമാനത്താവളത്തില്‍ ഇറങ്ങി സ്വര്‍ണം കൈമാറിയ ശേഷം കുടുംബത്തോടൊപ്പം കാറില്‍ മുങ്ങിയ സബീലിനെ ചാവക്കാട് ഭാഗത്ത് നിന്ന് പൊലീസ് പിടികൂടി. മലദ്വാരത്തില്‍ ഒളിപ്പിച്ചും, ക്യാപ്‌സൂള്‍ രൂപത്തിലാക്കിയുമാണ് സബീല്‍ സ്വര്‍ണം കടത്തിയത്.
എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ധരിച്ചിരുന്ന പാന്‍സിലും, ടി ഷര്‍ട്ടിലുമൊട്ടിച്ചും തരികളാക്കിയും സ്വര്‍ണം കടത്തി. തുണിക്കിടയില്‍ പശ തേച്ച് അതില്‍ സ്വര്‍ണത്തരിയൊട്ടിച്ചാണ് കടത്തല്‍. ദുബായില്‍ വെച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരീക്ഷണം നടത്തിയ ശേഷമാണ് പുതിയ മാര്‍ഗ്ഗത്തിലൂടെ സ്വര്‍ണ്ണം കടത്തിയത്. നിഷാജ് മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ട്.