വെല്ലിങ്ടണ്‍: ഭക്ഷണം കിട്ടാതെ ന്യൂസിലന്‍ഡ് ബീച്ചുകളില്‍ നൂറുകണക്കിന് ലിറ്റില്‍ ബ്ലൂ പെന്‍ഗ്വിനുകള്‍ ചത്തൊടുങ്ങി. നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ കൃത്യമായുള്ള മരണസംഖ്യ തിട്ടപ്പെടുത്തിയിട്ടില്ല. ചത്തൊടുങ്ങിയവയില്‍ പലതിനും സാധാരണയായി കണ്ടുവരുന്ന ഭാരത്തിന്റെ നേര്‍പകുതി മാത്രമാണുണ്ടായിരുന്നത്. മാംസപേശികള്‍ ദുര്‍ബലമായ അവസ്ഥയിലുമായിരുന്നു.
മേയ് ആദ്യം മുതലാണ് ലിറ്റില്‍ ബ്ലൂ പെന്‍ഗ്വിനുകള്‍ കൂട്ടത്തോടെ ചാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയത്. ഇപ്പോഴും ഇത്തരത്തിലുള്ള മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ എത്ര പെന്‍ഗ്വിനുകള്‍ മരിച്ചു എന്നതില്‍ കൃത്യമായ കണക്കില്ല. ഇവയുടെ മരണകാരണം വ്യകതമാകാഞ്ഞതിനാല്‍ പകര്‍ച്ചവ്യാധികള്‍ ആണോ എന്നറിയാന്‍ നടത്തിയ പരിശോധനയിലാണ് മരണകാരണം കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഭക്ഷ്യദൗര്‍ലഭ്യമാണെന്ന് കണ്ടെത്തിയത്.
ആറ് വര്‍ഷത്തിനിടെ ഇത് മൂന്നാം വട്ടമാണ് ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രതികൂല കാലാവസ്ഥയില്‍ കടല്‍പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാറുണ്ടെങ്കിലും ലിറ്റില്‍ ബ്ലൂ പെന്‍ഗ്വിനുകളുടെ ചത്തൊടുങ്ങല്‍ ദശാബ്ദത്തില്‍ ഒരു തവണ മാത്രം സംഭവിക്കുന്നതായിരുന്നുവെന്നും ന്യൂസീലന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കണ്‍സര്‍വേഷന്‍ അധികൃതര്‍ പറയുന്നു.
മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന ഇടവേളകളില്‍ സംഭവിക്കുന്ന ‘ലാ നിനാ’ എന്നറിയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസവും പെന്‍ഗ്വിനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാനുള്ള കാരണമായി തീര്‍ന്നെന്നാണ് വിദ്ഗധര്‍ പറയുന്നത്. തുടര്‍ച്ചയായ മൂന്നാം വട്ടവും ശീതക്കാലത്തിനൊപ്പം ലാ നിനാ പ്രതിഭാസമെന്ന അപൂര്‍വതയും ഇത്തവണ ന്യൂസീലന്‍ഡ് അഭിമുഖീകരിക്കുന്നുണ്ട്. ലാ നിനയ്ക്കൊപ്പമുണ്ടായ സമുദ്ര ഉഷ്ണതരംഗം പെന്‍ഗ്വിനുകള്‍ക്ക് ഇരട്ട പ്രഹരമായി തീര്‍ന്നിരുന്നു. സമുദ്രതാപം ഉയരുമ്പോള്‍ ചെറുമീനുകള്‍ തണുപ്പന്‍ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുകയോ പെന്‍ഗ്വിനുകള്‍ക്ക് ചെന്നെത്താന്‍ കഴിയാത്ത വിധം സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് സഞ്ചരിക്കുകയോ ചെയ്യും. ഇതും ഭക്ഷ്യദൗര്‍ലഭ്യത്തിനുള്ള പ്രധാന കാരണമായി.
ന്യസീലന്‍ഡിലെ തദ്ദേശീയരായ ലിറ്റില്‍ ബ്ലൂ പെന്‍ഗ്വിനുകള്‍ ലോകത്തില്‍ വെച്ചേറ്റവും ചെറിയ പെന്‍ഗ്വിന്‍ വിഭാഗക്കാര്‍ കൂടിയാണ്. കൊറോറയെന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്. ചെറിയ പെന്‍ഗ്വിന്‍ വിഭാഗക്കാരായ ഇവ ആഹാരമാക്കുന്നതും ചെറുമീനുകളെയാണ്. ആഹാരം ലഭിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിമിതി കുഞ്ഞ് പെന്‍ഗ്വിനുകള്‍ മുതല്‍ വലിയ പെന്‍ഗ്വിനുകള്‍ വരെ നേരിടുന്നുണ്ട്. ഇവയുടെ കൂട്ടത്തോടെയുള്ള ചത്തൊടുങ്ങല്‍ പ്രത്യുത്പാദന ക്രമത്തെ വരുംവര്‍ഷങ്ങളില്‍ ബാധിച്ചേക്കാം.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സംഭവം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന വടക്കന്‍ മേഖലയില്‍ ഇവയുടെ അംഗസംഖ്യയില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തുമെന്നും നിഗമനമുണ്ട്. സമുദ്ര താപനിലയില്‍ പ്രത്യക്ഷമായ മാറ്റങ്ങളുണ്ടാകുന്ന ന്യൂസീലന്‍ഡിന്റെ തീരപ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള ചത്തൊടുങ്ങല്‍ അടിക്കടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, സമുദ്ര താപനിലയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാത്ത രാജ്യത്തിന്റെ തെക്കേ അറ്റത്ത് ഇവയുടെ അംഗസംഖ്യയില്‍ വ്യതിചലനങ്ങളുണ്ടായിട്ടില്ല.