CrimeNEWS

ശൈശവ വിവാഹം നടത്താന്‍ വീട്ടുകാരുടെ ശ്രമം; പെണ്‍കുട്ടിയുടെ പരാതിയില്‍ ഇടപെട്ട് കലക്ടര്‍

കോഴിക്കോട്: തന്‍െ്‌റ ശൈശവവിവാഹം നടത്തുന്നതിനെതിരേ വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ ഇടപെട്ട് അധികൃതര്‍. ചാലിയം ജംഗ്ഷന്‍ ഫാറൂഖ് പള്ളി പ്രദേശത്താണ് സംഭവം. കടലുണ്ടിയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാനിയായ പെണ്‍കുട്ടിയാണ് പരാതിയുമായി ചൈല്‍ഡ് ലൈന്‍ അധികൃതരെ സമീപിച്ചത്.
ചൈല്‍ഡ് ലൈന്‍ ഉടന്‍ വിവരം ബേപ്പൂര്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് സബ് കളക്ടര്‍ ചെല്‍സാസിനിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി.

തന്റെ ആഗ്രഹത്തിന് വിരുദ്ധമായി വീട്ടുകാര്‍ കല്യാണം നടത്താന്‍ തീരുമാനിച്ചതോടെയാണ് ചൈല്‍ഡ് ലൈനെ ബന്ധപ്പെട്ടത്. തനിക്ക് പഠിക്കണം, നല്ലൊരു ജോലി നേടണം എന്നതാണ് ആഗ്രഹം. വിവാഹത്തിന് സമ്മതമല്ലെന്നും, സഹായിക്കണമെന്നും പെണ്‍കുട്ടി അഭ്യര്‍ത്ഥിച്ചു. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ ഇടപെട്ടു് കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടുകയും ചടങ്ങ് തടയുകയുമായിരുന്നു.

ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, വനിതാ ശിശു വികസന വകുപ്പ്, ചൈല്‍ഡ് മാരേജ് പ്രൊഹിബിഷന്‍ ഓഫീസര്‍, ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ബേപ്പൂര്‍ പൊലീസ്, ജുവനൈല്‍ പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. പെണ്‍കുട്ടിയെ ബന്ധുക്കളോടൊപ്പം ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കി. ശിശുക്ഷേമ സമിതിയുടെ ചുമതലയില്‍ ഗേള്‍സ് ഹോമില്‍ പെണ്‍കുട്ടിക്ക് താല്‍ക്കാലിക താമസമൊരുക്കിയിട്ടുണ്ട്. ശൈശവ വിവാഹം നടത്തരുതെന്ന് കുട്ടിയുടെ പിതാവിന് മജിസ്ട്രേറ്റ് ബുധനാഴ്ച തന്നെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിവാഹമല്ല, നിശ്ചയമാണ് നടത്തുന്നതെന്നാണ് കുടുംബം പറഞ്ഞത്.

ശൈശവ വിവാഹത്തിന് പ്രേരിപ്പിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 എന്ന ചൈല്‍ഡ് ഹെല്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Back to top button
error: