KeralaNEWS

സിപിഎമ്മിന് ട്രെയിനിലാകാം തങ്ങള്‍ക്ക് പ്ലെയിനില്‍ പറ്റില്ലേയെന്ന് സതീശന്‍, ഇരട്ട നീതിയെന്നും വിമര്‍ശനം

ട്രെയിനില്‍ യാത്രചെയ്ത മന്ത്രിയുടെ തലയില്‍ കരിയോയില്‍ ഒഴിച്ച പാര്‍ട്ടിയല്ലേ സിപിഎം? ട്രെയിനിലാകാം, പ്ലെയിനില്‍ പറ്റില്ലേ? എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് രണ്ട് പേരെ വിമാനത്തില്‍ ഉന്തിയിടാം. കേസെടുത്തിട്ടില്ലല്ലോ?

കൊച്ചി: കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചു തകര്‍ത്തിട്ടും കേസുകള്‍ എടുക്കാത്ത പോലീസ് സംസ്ഥാനത്ത് ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസുകാരന്റെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ എടുത്തത് ജാമ്യം ലഭിക്കുന്ന കേസാണ്. പൂന്തുറയില്‍ എസ്ഐയെ ആക്രമിച്ചതിന് വധശ്രമ കേസ് എടുത്തില്ല. പ്രതിഷേധം എന്ന് രണ്ട് തവണ വിളിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിന് കേസ് എടുത്തു. ഡിവൈഎഫ്‌ഐ, സിപിഎം ക്രിമിനലുകള്‍ക്ക് ഒപ്പം പൊലീസ് കൂടി ചേരുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനില്‍ ആരോപിച്ചു.

വിമാനത്തിലായായും ട്രെയിനിലായാലും പ്രതിഷേധം ഒരുപോലെ തന്നെയാണ്. ട്രെയിനില്‍ യാത്രചെയ്ത മന്ത്രിയുടെ തലയില്‍ കരിയോയില്‍ ഒഴിച്ച പാര്‍ട്ടിയല്ലേ സിപിഎം? ട്രെയിനിലാകാം, പ്ലെയിനില്‍ പറ്റില്ലേ? എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് രണ്ട് പേരെ വിമാനത്തില്‍ ഉന്തിയിടാം. കേസെടുത്തിട്ടില്ലല്ലോ? ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട് കൊടുത്തത് കണ്ണൂര്‍കാരനാണ്. അതിനെതിരേ പരാതി കൊടുത്തിട്ടുണ്ട്. അതിന്‍ന്മേല്‍ ജില്ലാ ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് തെറ്റാണെന്നത് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

തന്നെ കൊല്ലുമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കുന്നു. താന്‍ തമിഴ് നാട്ടിലേക്ക് പോയാലോ എന്ന് ആലോചിക്കുന്നതായും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഈ ഭീഷണി കൊണ്ട് സമരം നിര്‍ത്തില്ല, ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ ആലോചിക്കുന്നു. തീയതി ഉടന്‍ തീരുമാനിക്കുമെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരായി ആദ്യം നിലപാടെടുക്കുന്നത് താനായിരിക്കും. വിമാനത്തില്‍നിന്ന് മുഖ്യമന്ത്രി പുറത്തിറങ്ങിയ ശേഷമാണ് യൂത്ത്‌കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറും പറഞ്ഞതിന്റെ ദൃശ്യങ്ങള്‍ എല്ലാവരുടെയും കൈകളിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നേതാക്കള്‍ കാര്യങ്ങള്‍ മാറ്റിപ്പറയുന്നത്.

മുഖ്യമന്ത്രിക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുള്ള സാംസ്‌കാരിക കൂട്ടായ്മയെയും സതീശന്‍ പരിഹസിച്ചു. ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയിട്ട് ഒരു സാംസ്‌കാരിക നായകനും പ്രതികരിച്ചില്ല. സര്‍ക്കാരിന്റെ ഔദാര്യം പറ്റി ജീവിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ലോക കേരള സഭ ബഹിഷ്‌കരണം വ്യക്തിപരമായി എടുത്ത തീരുമാനം അല്ല. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് തീരുമാനം. 100ല്‍ അധികം പ്രവര്‍ത്തകര്‍ ആശുപത്രിയിലാണ്. അവിടെ പോയിരിക്കാന്‍ മാത്രം വിശാലമല്ല ഞങ്ങളുടെ മനസെന്നും അദ്ദേഹം പറഞ്ഞു.

 

Back to top button
error: