HealthLIFE

ഗ്യാസ്ട്രബിള്‍ നിങ്ങളെ ട്രബിള്‍ ചെയ്യുന്നുണ്ടോ ? ഇതാ കുറച്ച് സിംപിള്‍ ടിപ്‌സ്..

നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ട്. ഇക്കൂട്ടത്തില്‍ മിക്കവരും പരാതിപ്പെടാറുള്ളൊരു പ്രശ്‌നമാണ് ഗ്യാസ്ട്രബിള്‍. ഓരോരുത്തരിലും വ്യത്യസ്തമായ കാരണങ്ങള്‍ മൂലമാകാം ഗ്യാസ്ട്രബിള്‍ ഉണ്ടാകുന്നത്. അതുപോലെ തന്നെ ഗ്യാസ്ട്രബിള്‍ ഓരോരുത്തരെയും ബാധിക്കുന്നതും വ്യത്യസ്തമായ രീതിയിലാകാം.

ചിലര്‍ക്ക് ഗ്യാസിന് പിന്നാലെ വയറുവേദന, നെഞ്ചില്‍ അസ്വസ്ഥത എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാകാം. ചിലരെ വലയ്ക്കുന്നത് ഇടവിട്ടുള്ള ഏമ്പക്കമാകാം. ചിലര്‍ക്ക് ഗ്യാസ് തന്നെ മലബന്ധത്തിലേക്ക് നയിക്കുന്ന പ്രശ്‌നമാകാം. അതുപോലെ ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടിയിരിക്കുന്നതില്‍ വിഷമിക്കുന്നവരും ഏറെയാണ്.

Signature-ad

ഇത്തരത്തില്‍ ഗ്യാസ് മൂലം വയര്‍ വീര്‍ത്തുവരുന്ന പ്രശ്‌നം ഒഴിവാക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്…

  • ഒന്ന്

ഗ്യാസിന് ഇടയാക്കുന്ന ചില ഭക്ഷണം നിങ്ങള്‍ പതിവായി കഴിക്കുന്നതാകാം ഇതിന് കാരണം. അങ്ങനെയെങ്കില്‍ ആ ഭക്ഷണം കണ്ടെത്തി അതൊഴിവാക്കുകയോ വലിയ രീതിയില്‍ നിയന്ത്രിക്കുകയോ ചെയ്യാം. കൃത്രിമമധുരമടങ്ങിയ പലഹാരങ്ങള്‍ അങ്ങനെ പൊതുവേ തന്നെ ഗ്യാസിന് ഇടയാക്കാറുണ്ട്. അതുപോലെ പാക്കേജ്ഡ് ഭക്ഷണങ്ങള്‍ പലതും.

  • രണ്ട്

നമ്മുടെ ശരീരത്തിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും ഉതകുന്ന രീതിയില്‍ ശരീരത്തില്‍ ജലാംശം ഉണ്ടായിരിക്കണം. വെള്ളം നന്നായി കുടിക്കുന്നത് ഗ്യാസ്- ഇതുമൂലമുള്ള വയര്‍ വീര്‍ക്കല്‍- മലബന്ധം എല്ലാം കുറയ്ക്കാന്‍ സഹായിക്കും.

  • മൂന്ന്

വ്യായാമം പതിവാക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് വലിയ അളവ് വരെ നമ്മെ രക്ഷിക്കും. വ്യായാമം ആകെ ആരോഗ്യവും മെച്ചപ്പെടുത്തും. വ്യായാമത്തിന് സാധിച്ചില്ലെങ്കില്‍ ദിവസവും അല്‍പദൂരം നടക്കുകയെങ്കിലും ചെയ്യുക.

  • നാല്

കഴിയുന്നതും എല്ലാ ദിവസവും ഭക്ഷണം നേരത്തിന് കഴിക്കുക. ഇത്തരത്തില്‍ കൃത്യമായ ഭക്ഷണം ചെല്ലുന്നത് ഗ്യാസ് കുറയ്ക്കാന്‍ വലിയ രീതിയില്‍ സഹായിക്കും. ഭക്ഷണത്തിനിടയില്‍ ദീര്‍ഘമായ ഇടവേളകള്‍ എടുക്കാതിരിക്കുക.

  • അഞ്ച്

ഉപ്പ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി കുറയ്ക്കുക. പാക്കറ്റില്‍ ലഭ്യമായിട്ടുള്ള ‘റെഡി ടു ഈറ്റ്’ ഭക്ഷണസാധനങ്ങള്‍ പലതും ഇത്തരത്തില്‍ ഉപ്പ് കാര്യമായി അടങ്ങിയവയാണ്. സോഡിയത്തിന്റെ അളവ് കൂടുന്നതും വയര്‍ വീര്‍ത്തുവരാന്‍ കാരണമാകും.

  • ആറ്

ഇലക്കറികള്‍ കാര്യമായി കഴിക്കുന്നതിലൂടെ ഒരു പരിധി വരെ ഗ്യാസ് മൂലം വയര്‍ വീര്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. ലെറ്റൂസ്, ചീര എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

 

Back to top button
error: