കൊച്ചി: കേരളത്തിന്‍െ്റ ഗതാഗത സംവിധാനത്തിലെ ആധുനിക മുഖമായ കൊച്ചി മെട്രോ അഞ്ചാം പിറന്നാളിന് തയാറെടുക്കുന്നു. അഞ്ചാം വാര്‍ഷികം പ്രമാണിച്ച് യാത്രക്കാര്‍ക്ക് വെറും അഞ്ചു രൂപയ്ക്ക് എവിടെ വേണമെങ്കിലും യാത്ര ചെയ്യാം എന്ന കിടിലന്‍ ഓഫറാണ് മെട്രോ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പിറന്നാള്‍ദിനമായ ജൂണ്‍ 17-നാണ് ഈ ഓഫര്‍ കൊച്ചി മെട്രോ യാത്രികര്‍ക്ക് ലഭ്യമാകുക.
അഞ്ചുവര്‍ഷത്തില്‍ കൊച്ചിയുടെ മുഖം മിനുക്കുന്നതില്‍ ഏറെ പങ്കുവഹിച്ചിട്ടുള്ള മെട്രോ, പിറന്നാള്‍ ദിനത്തിലും ആളുകളെ ആഹ്ളാദിപ്പിക്കാനും തന്നോടു ചേര്‍ത്തുനിര്‍ത്താനും ശ്രമിക്കുമ്പോള്‍ കേരളത്തിനും ഇത് അഭിമാനം നെഞ്ചേറ്റിയ അഞ്ചാംവര്ഷത്തിന്െ്റ ആഘോഷമാകുന്നു.
അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ മാസം ആദ്യം മുതല്‍ 17 വരെ നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മെട്രോയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവര്‍ക്കു മെട്രോ പരിചയപ്പെടുത്തുക തുടങ്ങിയ ഉദ്ദേശത്തോടു കൂടിയാണിത്. ആലുവയില്‍ നിന്നു പേട്ടയിലേക്ക് യാത്ര ആയാലും ഏറ്റവും കുറഞ്ഞ ദൂരത്തിനായാലും 5 രൂപ തന്നെയാണ് പിറന്നാള്‍ ദിവസം ടിക്കറ്റ് ഈടാക്കുന്നത്.
”യാത്ര സുഗമമാക്കൂ, പൊതുഗതാഗതം ശീലമാക്കൂ, കൊച്ചി മെട്രോ. ലൈഫ് എത്ര ഈസി” എന്ന ടാഗ് ലൈനോടെ കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഈ കെഎംആര്‍എല്‍ വിവരം പങ്കുവെച്ചിരിക്കുന്നത്.
കുരുക്കില്‍ വലഞ്ഞിരുന്ന പഴയകൊച്ചിയെയല്ല, മെട്രോ കൊണ്ട് യാത്ര സുഗമമായ പുതിയകൊച്ചിയെയാണ് ഇന്നു നമുക്ക് കാണാനാകുക. മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കുള്ള കൊച്ചിയുടെ റോഡുകളില്‍ അഞ്ചുമിനിറ്റ് ദൂരമുള്ള യാത്രയ്ക്ക് പോലും മണിക്കൂറുകളെടുക്കുമ്പോള് ആലുവയില്‍നിന്നു പേട്ടയിലേക്കും അതിനിടയ്ക്കുള്ള ദൂരത്തിലും മിനിറ്റുകള്ക്കുള്ളിലെത്തിക്കാന് മെട്രോ സദാ സജ്ജമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി 2017 ജൂണ്‍ 17നാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. ജൂണ്‍ 19 ന് പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കി.