KeralaNEWS

അക്രമം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ ഭവിഷത്ത് വലുത് : കെ.സുധാകരന്‍

 

തിരു: കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരായ അക്രമം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ അതിന്റെ ഭവിഷത്ത് വലുതായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ ഉമ തോമസിനോടൊപ്പം പേട്ടയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

അക്രമത്തിലൂന്നിയ രാഷ്ട്രീയ-ഭരണ ശൈലിയാണ് മുഖ്യമന്ത്രിയും സിപിഎമ്മും ആഗ്രഹിക്കുന്നതെങ്കില്‍ ഈ സര്‍ക്കാരിന്റെ പതനം ആസന്നമാകും. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കഴിയും.അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യമല്ല കോണ്‍ഗ്രസിന്റെത്.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ല വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.പുതിയ സമരരീതി  പരീക്ഷിച്ചതാകാമത്. അത്തരം ഒരു പ്രതിഷേധത്തെ കോണ്‍ഗ്രസ് ന്യായീകരിക്കുന്നില്ല. എന്നാല്‍ അവരുടെ ഉദ്ദേശശുദ്ധിയെ തള്ളിപ്പറയില്ല. വിമാനപ്രതിഷേധത്തില്‍ മുഖ്യമന്ത്രിയുടെ പ്രായംപോലും അറിയാതെയാണ് പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. വിമാനപ്രതിഷേധത്തില്‍ സിപിഎം നുണപ്രചരിപ്പിക്കുകയാണ്.യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് ഇപി ജയരാജനാണ്.അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. ഇപി ജയരാജനെതിരെ കേസെടുക്കണം.യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ ആരേയും കയ്യേറ്റം ചെയ്തിട്ടില്ല.അവര്‍ മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കിയെന്നാണ് ആദ്യം പറഞ്ഞത്. വൈദ്യപരിശോധനയില്‍ ആ ആരോപണം കള്ളമാണെന്ന് തെളിഞ്ഞു.വായ് തുറന്നാല്‍ വിടുവായത്തരം പറയുന്ന വ്യക്തിയാണ് ഇപി ജയരാജനെന്നും സുധാകരന്‍ പരിഹസിച്ചു.

 

Back to top button
error: