KeralaNEWS

കാട്ടുപന്നിയെ കൊല്ലാന്‍ വച്ചിരുന്ന തോക്കില്‍ നിന്ന് വെടിയേറ്റ് സി പി ഐ നേതാവ് മരിച്ചു

  കാഞ്ഞങ്ങാട്: കാട്ടുപന്നിയെ കൊല്ലാന്‍ നിറച്ചു വച്ചിരുന്ന തോക്കില്‍ നിന്ന് വെടിയേറ്റ സി പി ഐ നേതാവ് മരിച്ചു. മുതിര്‍ന്ന നേതാവും കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഭാരവാഹിയുമായ കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം. മാധവന്‍ നമ്പ്യാര്‍ (65) ആണ് മരിച്ചത്. ചക്ക പറിക്കാൻ ചൊവ്വാഴ്ച കൃഷിയിടത്തിലെത്തിയപ്പോഴാണ് വെടിയേറ്റത്. പന്നിയെ പിടിക്കാനായി അയൽക്കാരനായ പനയാലിൽ ശ്രീഹരി കൃഷിയിടത്തിൽ ഒളിപ്പിച്ചു സ്ഥാപിച്ച തോക്കിൽ തട്ടി വെടി പൊട്ടുകയും വലതുകാൽ മുട്ടിന് വെടിയേൽക്കുകയുമാണ് ചെയ്തത്. ഏറെ വൈകിയാണ് മാധവൻ നമ്പ്യാരെ വെടിയേറ്റ് കിടക്കുന്നതായി കണ്ടെത്തിയത്. ഇതിനോടകം ഏറെ രക്തം വാർന്ന് പോയി. ഇന്ന് (ബുധൻ) രാവിലെ മംഗ്ളുരു ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.
ബേക്കൽ പോലിസ് ഇൻസ്പെക്ടർ യു.പി. വിപിൻ ഇൻക്വസ്റ്റ് നടപടികൾക്കായി മംഗ്ളൂരുവിലേക്ക് പോയി. വെടിയേറ്റ സംഭവത്തിൽ ശ്രീഹരിക്കെതിരെ ഇന്നലെ തന്നെ പോലീസ് കേസെടുത്തിരുന്നു.

സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലത്തിലെ നേതൃനിരയിലുള്ള മാധവൻ നമ്പ്യാർ ജില്ലയിലെ അറിയപ്പെടുന്ന നേതാവാണ്. ഏറെക്കാലം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പരേതനായ എ കുഞ്ഞമ്പു നായരുടെയും തമ്പായി അമ്മയുടെ മകനാണ്. ഭാര്യ: കെ നിര്‍മ്മല. മക്കള്‍: നിത്യ കെ നായര്‍, നിതിന്‍ കെ.നായര്‍. മരുമകന്‍: ദിലീപ് കരിവേടകം.

Back to top button
error: