ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വന്നു. 211 ദിവസം മുതൽ മൂന്നു വർഷത്തിൽ താഴെ വരെ കാലാവധിയിൽ നിക്ഷേപിച്ചിട്ടുള്ള രണ്ടുകോടി രൂപയിൽ കുറവ് വരുന്ന സ്ഥിര നിക്ഷേപങ്ങൾക്കാണ് പലിശ നിരക്കുയർത്തിയത്.
ഏഴു മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.9 ശതമാനമാണ് പലിശ. 46 മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.9 ശതമാനമാണ് പലിശ. 180 മുതൽ 210 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ 4.4 ശതമാനമാണ്. 211 മുതൽ ഒരു വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.4 ശതമാനമായിരുന്നു പലിശനിരക്ക്. ഇത് 4.6 ശതമാനമായി ഉയർത്തി.
ഒരു വർഷത്തിന് മുകളിൽ രണ്ട് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.1 ശതമാനമായിരുന്നു പലിശനിരക്ക്. ഇത് 5.3 ശതമാനമായി. രണ്ടിനും മൂന്നു വർഷത്തിനിടയിൽ കാലാവധി അവസാനിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് മുൻപ് 5.2 ശതമാനമായിരുന്ന പലിശനിരക്ക് 5.35 ശതമാനമായി ഉയർത്തിയിട്ടുണ്ട്. മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.45 ശതമാനത്തിൽ നിലനിർത്തി.