NEWSWorld

ചോരക്കളി അവസാനിക്കാതെ ബുർക്കിന ഫാസോ; ​അമ്പതിലേറെ ​ഗ്രാമീണരെ ഭീകരർ കൊലപ്പെടുത്തി

വാ​ഗഡുഗു: ബുർക്കിന ഫാസോയിൽ അക്രമം തുടരുന്നു. കഴിഞ്ഞ ദിവസം വടക്കൻ ബുർക്കിന ഫാസോയിലെഗ്രാമത്തിൽ ആയുധധാരികളായ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടതായി സർക്കാർ വക്താവ് അറിയിച്ചു. അൽ-ഖ്വയ്ദ, ഐഎസ്ഐഎൽ ഭീകരവാദികൾക്ക് ആധിപത്യമുള്ള സെനോ പ്രവിശ്യയുടെ ഭാഗമായ സെയ്റ്റെംഗ കമ്യൂണിലാണ് ശനിയാഴ്ച രാത്രി അക്രമം നടന്നത്. ഒറ്റ രാത്രികൊണ്ടാണ് ഭീകരർ ഇ‍ത്രയും പേരെ കൊന്നുതള്ളിയത്.

ഇതുവരെ 50 മൃതദേഹങ്ങൾ സൈന്യം കണ്ടെത്തിയെന്ന് അധികൃതർ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് സർക്കാർ വക്താവ് ലയണൽ ബിൽഗോ പറഞ്ഞു. 100 പേരെങ്കിലും മരിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. അതേസമയം 165 പേർ കൊല്ലപ്പെട്ടതായും വിവരങ്ങളുണ്ട്. എങ്കിലും അമ്പത് പേരുടെ മരണമേ സർക്കാർ പുറത്തുവിട്ടിട്ടുള്ളൂ.

ആക്രമണത്തെ യുഎൻ  അപലപിച്ച. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് യുഎൻ ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയനും സംഭവത്തെ അപലപിച്ച് രം​ഗത്തെത്തി. കഴിഞ്ഞയാഴ്ച വിമതരും സർക്കാർ സേനയും തമ്മിൽ രക്തരൂക്ഷിതമായ പോരാട്ടം നടന്ന സ്ഥലമായിരുന്നു സെയ്‌തേംഗ. വ്യാഴാഴ്ച പതിനൊന്ന് പൊലീസുകാരും 40 ഓളം വിമതരും കൊല്ലപ്പെട്ടു. സൈന്യത്തിന്റെ നടപടികളോടുള്ള പ്രതികാരമാണ് ​ഗ്രാമീണർക്ക് നേരെയുണ്ടായ ആക്രമണമെന്ന് വക്താവ് ബിൽഗോ പറഞ്ഞു.

ആക്രമണത്തെ തുടർന്ന് ഗ്രാമത്തിൽ നിന്ന് പലായനം ചെയ്ത മൂവായിരത്തോളം ആളുകളെ സമീപ നഗരങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്.  പ്രസിഡന്റ് റോച്ച് മാർക്ക് ക്രിസ്റ്റ്യൻ കബോറിനെ പുറത്താക്കിയ സൈനിക അട്ടിമറിക്ക് ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമാണ് നടന്നത്. ബുർക്കിന ഫാസോയിൽ 2015 മുതൽ ഭീകരാക്രമണങ്ങളിൽ 2,000ത്തിലധികം പേരുടെ ജീവൻ നഷ്ടപ്പെടുകയും ഏകദേശം 1.9 ദശലക്ഷം ആളുകൾ പലായനം ചെയ്യുകയമുണ്ടായെന്നാണ് കണക്ക്.

Back to top button
error: