ബെംഗളൂരു: കഴിഞ്ഞ ദിവസം റിലീസായ ഹിറ്റ് സിനിമ 777 ചാർലി കണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ കണ്ണീരണിഞ്ഞ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കഴിഞ്ഞ വർഷം ചത്ത തന്റെ നായ സ്നൂബിയെ സിനിമ ഓർമ്മകൾ തന്നിൽ ഇരച്ചെത്തിയതായി ബൊമ്മൈ പറഞ്ഞു.
യുവാവും അവന്റെ വളർത്തു നായ ചാർലിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്നതാണ് സിനിമ. മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ നിറഞ്ഞോടുകയാണ് സിനിമ. ഈ സിനിമ നിർബന്ധമായും എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
”പട്ടികളെക്കുറിച്ച് സിനിമകൾ വന്നിട്ടുണ്ട്. എന്നാൽ ഈ സിനിമ മൃഗങ്ങളെ വികാരങ്ങളോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. നായ അതിന്റെ വികാരങ്ങൾ കണ്ണിലൂടെ പ്രകടിപ്പിക്കുന്നു.സിനിമ നല്ലതാണ്, എല്ലാവരും ഇത് കാണണം. നിരുപാധികമായ സ്നേഹത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. നായയുടെ സ്നേഹം നിരുപാധിക സ്നേഹമാണ്, അത് ശുദ്ധമാണ്.” -ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നായ സ്നൂബിയുടെ മരണശേഷം ബൊമ്മൈ കണ്ണീരോടെ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സ്നൂബിയുടെ മാലയിട്ട ശരീരത്തിൽ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.
ബൊമ്മൈയുടെ പ്രിയപ്പെട്ട വളർത്തുമൃഗമായ സ്നൂബി എന്ന വളർത്തുനായ കഴിഞ്ഞ ജൂലൈയിലാണ് ജീവൻ വെടിഞ്ഞത്. സ്നൂബിയുടെ മരണത്തിൽ വളരെ വൈകാരികമായിട്ട് മുമ്പും ബൊമ്മൈ പ്രതികരിച്ചിരുന്നു. സിനിമ കണ്ടതിന് ശേഷം കർണാടകയിലെ മംഗലാപുരത്ത് പൊലീസ് അടുത്തിടെ സ്നിഫർ നായയ്ക്ക് ചാർലി എന്ന് പേരിട്ടു. രക്ഷിത് ഷെട്ടി നായകനായ ചിത്രം അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.