ദില്ലി: നാഷണൽ ഹെറാൾഡ് കേസില്‍ ചോദ്യം ചെയ്യലിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓഹരി വാങ്ങുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായി കൊല്‍ക്കത്തയിലുള്ള സ്വകാര്യ കമ്പനി യങ് ഇന്ത്യക്ക് വായ്പ നൽകിയത് നിയമപരമെന്ന് രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിൽ പറഞ്ഞതായി ഇഡി വൃത്തങ്ങൾ സൂചന നല്‍കി.സാമ്പത്തിക ലാഭത്തിനുള്ള സംരംഭമല്ല യങ് ഇന്ത്യ എന്നും രാഹുൽ ഗാന്ധി ഇഡിയോട് വ്യക്തമാക്കി. ഇന്ന് 20 ചോദ്യങ്ങൾ ഇ ഡി ചോദിച്ചതായും സൂചനയുണ്ട്.
നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇഡിക്ക് മുന്നില്‍ രണ്ടാം ദിവസവും ഹാജരായി. ഇഡി ഓഫീസിലേക്ക് പ്രകടനവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ത്തിന് ഇടയാക്കി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എത്ര ദിവസം വേണമെങ്കിലും അകത്തിട്ടോട്ടെയന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ജേബി മേത്തര്‍ എംപിയെ പൊലീസ് വലിച്ചിഴച്ച് കൊണ്ട് പോയി. ഭ്രാന്ത് പിടിച്ച സർക്കാരിൻ്റെ പ്രതികരണമാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാക്കൾ പ്രതികരിച്ചു.
രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഇഡി ഓഫീസിന് ചുറ്റും വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് രാഹുലിനൊപ്പം പ്രകടനവുമായി പോകാനെത്തിയ നിരവധി പ്രവർത്തകരെയും കൊടിക്കുന്നിൽ സുരേഷ് എംപിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പ്രവര്‍ത്തകരെ പൊലീസ് വാഹനത്തിൽ ബലമായി പിടിച്ചു കയറ്റുകയായിരുന്നു. എംപിയുടെ തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും അംഗീകരിച്ചില്ല. വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയെന്ന് കൊടിക്കുന്നിൽ ആരോപിച്ചു.
കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇഡിക്ക് മുന്‍പില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഹാജരായത്. രണ്ട് റൗണ്ടുകളിലായി നടന്ന ചോദ്യം ചെയ്യലിൽ യങ്ങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ മറുപടി രാഹുലിൽ നിന്ന് ലഭിച്ചില്ലെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കൂടാതെ അഞ്ച് ലക്ഷം മാത്രം മൂലധന നിക്ഷേപമുള്ള കമ്പനി എങ്ങനെ അസോസിയേറ്റ് ജേർണലിനെ അൻപത് ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തു എന്നതും ഈ ഇടപാടിലെ പൊരുത്തു കേടായി ഇഡി കാണുന്നുണ്ട്. രാഹുലിന്‍റെ ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാട് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും വ്യക്തത വരുത്താനുണ്ടെന്ന് ഇ ഡി പറയുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ.
കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള സെക്ഷൻ അൻപതിന്‍റെ അടിസ്ഥാനത്തിലാണ് രാഹുലിന്‍റെ മൊഴി രേഖപ്പെടുത്തിയത്. ഇ ഡി യു ടെ അസിസ്റ്റന്‍റ് ഡയറക്ടർ പദവിയുള്ള അന്വേഷണ ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്. ഇന്നലെ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത കേരളത്തിലെ എംപിമാരടക്കമുള്ള നേതാക്കളെയും രാത്രി വൈകിയാണ് ദില്ലി പൊലീസ് വിട്ടയച്ചത്.