KeralaNEWS

മണിച്ചന്റെ മോചനം വൈകും, പിഴത്തുക 30.45 ലക്ഷം കെട്ടിവച്ചാലേ മണിച്ചന്‍ മോചിതനാകൂ എന്ന് ജയില്‍ അധിക‍ൃതര്‍

വര്‍ണര്‍ അനുകൂല തീരുമാനമെടുത്തു എങ്കിലും കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്റെ ജയില്‍ മോചനം വൈകും. കൊല്ലം സെഷന്‍സ് കോടതി വിധിച്ച പിഴ 30.45 ലക്ഷം രൂപ കെട്ടിവച്ചാലേ നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍നിന്ന് മണിച്ചന്‍ മോചിതനാകൂ എന്ന് ജയില്‍ അധിക‍ൃതര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉത്തരവ് ജയില്‍ അധികൃതര്‍ക്കു ലഭിച്ചാല്‍ പട്ടികയിലെ മറ്റ് തടവുകാര്‍ക്ക് ജയിലിനു പുറത്തിറങ്ങാം. ഇവരില്‍ പിഴ അടയ്ക്കാനുള്ളവർ ആ തുക അടച്ചാല്‍ മാത്രമേ ജയില്‍ മോചനം സാധ്യമാകൂ.

Signature-ad

നല്ല നടപ്പ് പരിഗണിച്ചാണ് മണിച്ചനെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്കു മാറ്റിയത്. കൃഷിപ്പണികള്‍ക്കു നേതൃത്വം നല്‍കുന്നത് മണിച്ചനാണ്.

ജീവപര്യന്തം തടവിൽ കഴിയവെ മണിച്ചൻ ജയിലിൽ സമ്പാദിച്ചിരുന്നത് പ്രതിദിനം 230 രൂപയാണ്. നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ ഡ്രാഗൺ ഫ്രൂട്ടും കോളി ഫ്ലവറും കൃഷി ചെയ്താണ് മണിച്ചൻ തുക സമ്പാദിച്ചത്. പ്രതിമാസം 6,900 രൂപ കൂലിയിനത്തിൽ മണിച്ചന് ലഭിച്ചിരുന്നു. കഴിഞ്ഞ 11 വർഷത്തിനിടെ വാഴ, മരച്ചീനി, ഇഞ്ചി, മഞ്ഞൾ, മറ്റ് വിവിധ പച്ചക്കറികൾ എന്നിവ മണിച്ചൻ കൃഷി ചെയ്തു.

കേസിന് ആധാരമായ സംഭവം ഉണ്ടായത് 2000 ഒക്ടോബറിലാണ്. 2002 ജൂലായിൽ കൊല്ലം ഒന്നാം അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി മണിച്ചനടക്കം 26 പേർ പ്രതികളാണെന്ന് കണ്ടെത്തുകയും 13 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു.. 2011 ഏപ്രിലിൽ സുപ്രീംകോടതിയും ജീവപര്യന്തം ശരിവെച്ചതിന് പിന്നാലെ മെയ് 22നാണ് മണിച്ചൻ  ജയിലിൽ എത്തുന്നത്. കൃഷിയിൽ തത്പരനായ മണിച്ചൻ ഇവിടെ വച്ച് മറ്റ് അന്തേവാസികൾക്കൊപ്പം പത്ത് ഏക്കർ സ്ഥലത്ത് കൃഷികൾ ആരംഭിക്കുകയും ചെയ്തു. കൂലിയിനത്തിൽ ലഭിച്ചിരുന്ന തുകയിൽ നിന്ന് കാന്റീൻ വിഹിതത്തിന്റെ ബാക്കി കുടുംബത്തിനായി മാറ്റി വെച്ചിരുന്നു.
ഇന്നലെയാണ് മണിച്ചനടക്കം 33 തടവുകാരെ മോചിപ്പിക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പിട്ടത്.
വിഷമദ്യദുരന്തക്കേസിലെ 26 പ്രതികളില്‍ മണിച്ചനും ഹയറുന്നീസയും ഉള്‍പ്പെടെ 14 പേര്‍ക്കാണ് സെഷന്‍സ് കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചത്.

മറ്റു 12 പേര്‍ക്കു രണ്ടരവര്‍ഷവും ഒരാള്‍ക്കു രണ്ടു വര്‍ഷം കഠിന തടവും പിഴയും വിധിച്ചു. ഏഴാം പ്രതിയായ മണിച്ചനാണ് ഏറ്റവും വലിയ ശിക്ഷ ലഭിച്ചത്. ജീവപര്യന്തവും 30. 45 ലക്ഷം രൂപ പിഴയും. ഹയറുന്നീസയ്ക്ക് 7. 35 ലക്ഷം രൂപയാണ് പിഴ വിധിച്ചത്. ശിക്ഷിക്കപ്പെട്ട 26 പ്രതികളില്‍ നിന്നായി 1, 17, 10, 000 രൂപയാണ് പിഴയായി ലഭിക്കേണ്ടത്. ഇതില്‍ നിന്നും 32 ലക്ഷംരൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. മദ്യദുരന്തത്തില്‍ മരിച്ചവരില്‍ നാലു പ്രതികള്‍ ഒഴികെയുള്ളവരുടെ ആശ്രിതര്‍ക്കും കാഴ്ച നഷ്ടപ്പെട്ട 5 സാക്ഷികള്‍ക്കും പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴയില്‍ നിന്ന് ഒരു ലക്ഷംരൂപ നല്‍കാന്‍ കോടതി വിധിച്ചു.

കേസിൽ ജീവപര്യന്തം കഠിനതവിന് ശിക്ഷിച്ച മണിച്ചന്റെ സഹോദരന്മാരായ കൊച്ചനി എന്ന മണികണ്ഠൻ, വിനോദ് കുമാർ എന്നിവരെ ജാമ്യത്തിൽ വിടാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 2000 ഒക്ടോബറിൽ നടന്ന മദ്യ ദുരന്തത്തിൽ മുപ്പത്തിമൂന്ന് പേരാണ് മരിച്ചത്.

അന്നും ഇന്നും മണിച്ചന്‍ പറയുന്നത് താന്‍ വിറ്റ മദ്യത്തില്‍ വിഷം ഇല്ലായിരുന്നു എന്നാണ്. തന്നോട് ചിലര്‍ കാട്ടിയ ചതി എന്നാണ് പഴയ മദ്യരാജാവ് മണിച്ചന്‍ പറയുന്നത്.
‘ഞാന്‍ വിറ്റ മദ്യത്തില്‍ വിഷം ഉണ്ടായിരുന്നെങ്കില്‍ പതിനായിരത്തിലേറെ പേര്‍ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു.. കാരണം അത്രയേറെ കള്ള് ഷാപ്പുകള്‍ എനിക്കുണ്ടായിരുന്നു.തനിക്കാരോടും പ്രതികാരമോ, വിദ്വേഷമോ ഇല്ല. ചതിച്ചവര്‍ക്ക് അതിന്റെ ശിക്ഷ ലഭിക്കുന്നുണ്ട്’ എന്നു പറയുന്നു മണിച്ചന്‍.

പരോളില്‍ ഇറങ്ങുമ്പോൾ ആറ്റിങ്ങലില്‍ ജ്യൂസ് കട നടത്തുകയാണ് മണിച്ചന്‍.

ജയിലിലെ ടിവിയില്‍ നിന്നാണ് മണിച്ചന്‍ ഇന്നലെ മോചനവാര്‍ത്ത അറിഞ്ഞത്.

Back to top button
error: