IndiaNEWS

വാക്കുപാലിച്ച് തനിക്കൊപ്പം നദിയില്‍ ചാടിയില്ല, നീന്തിരക്ഷപ്പെട്ട ശേഷം യുവാവിനെതിരെ വധശ്രമക്കേസ് നല്‍കി കാമുകി

ഠ യുവതി ആറുവയസുകാരിയുടെ അമ്മ ഠ ഫോണ്‍ കേടുവരുത്തിയെന്നും പരാതി ഠ ഇരുവരും വിവാഹിതര്‍

പ്രയാഗ്: ഒന്നിച്ചു മരിക്കാനെത്തിയശേഷം തനിക്കൊപ്പം ആറ്റിലേക്ക് ചാടാതെ രക്ഷപ്പെട്ട യുവാവിനെതിരേ വധശ്രമത്തിന് പരാതി നല്‍കി യുവതി. ഉത്തര്‍പ്രദേശിലെ പ്രയാഗ് സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയാണ് ജുന്‍സി സ്വദേശിയായ ചന്തു(30)വിനെതിരെ കേസ് കൊടുത്തത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി. യുവാവിന് എതിരെ കേസ് എടുത്തതായി പ്രയാഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സന്തോഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. വധശ്രമം, യുവതിയുടെ ഫോണ്‍ കേടുവരുത്തി തുടങ്ങിയ കുറ്റങ്ങളാണ് യുവാവിന് എതിരെ ചുമത്തിയത്.

യുവതിയും ചന്തുവും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് തയ്യാറാക്കിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു. അതിനിടെ, യുവതി മകളുമൊത്ത് പൂനെയില്‍ പോയ സമയത്ത് ചന്തു ആരുമറിയാതെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു.

Signature-ad

യുവതി തിരിച്ചെത്തിയപ്പോള്‍ ഇക്കാര്യം അറിഞ്ഞു. അതോടെ തല്ലും വഴക്കുമായി. തുടര്‍ന്ന് ഭാര്യയെ വിവാഹ മോചനം നടത്തി യുവതിയെ കല്യാണം കഴിക്കാമെന്ന് ചന്തു മടിയോടെ ഉറപ്പുനല്‍കി. എങ്കിലും കാര്യങ്ങളൊന്നും മുന്നോട്ടു പോവാതായതോടെ അടി മൂര്‍ച്ഛിച്ചു. തുടര്‍ന്നാണ് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. അങ്ങനെ മകളെ വീട്ടില്‍വെച്ച് മെയ് 29-ന് യുവതി യമുനാ പാലത്തിലെത്തി. ചന്തുവും ഒപ്പമുണ്ടായിരുന്നു.

യമുനാ നദിയുടെ പാലത്തിനു മേല്‍ നിന്ന് അവര്‍ താഴേക്ക് ചാടാന്‍ ഒരുങ്ങി. ആദ്യം ചാടിയത് ആറു വയസ്സുള്ള കുട്ടിയുടെ അമ്മ കൂടിയായ കാമുകി. പുഴയില്‍ ചാടി തിരിഞ്ഞുനോക്കുമ്പോള്‍ കൂടെ കാമുകനില്ല! ചന്തു പാലത്തില്‍തന്നെ നിന്ന് തിരിച്ചുപോയിരുന്നു.

നന്നായി നീന്താന്‍ അറിയുന്ന യുവതി മറുകരയിലേക്ക് നീന്തി. അവിടെവച്ച് പൊലീസ് ഇവരെ ആശുപത്രിയിലാക്കുകയായിരുന്നു. ആശുപത്രിയില്‍നിന്നിറങ്ങിയപാടെ യുവതി ചന്തുവിന് എതിരെ കേസ് നല്‍കി. പൊലീസ് അന്വേഷണം തകൃതിയായി. അവസാനം വധശ്രമം, യുവതിയുടെ ഫോണ്‍ കേടു വരുത്തി എന്നീ കുറ്റങ്ങളില്‍ യുവാവിനെതിരെ പൊലീസ് കേസസെടുക്കുകയായിരുന്നു.

Back to top button
error: