IndiaNEWS

കൗമാരക്കാര്‍ക്കും സൈനിക സേവനം; റിക്രൂട്ട്‌മെന്‍്‌റില്‍ വിപ്ലവമാറ്റങ്ങള്‍: അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

ഠ 4 വര്‍ഷത്തിനു ശേഷം വിരമിക്കാം ഠ പെണ്‍കുട്ടികള്‍ക്കും നിയമനം ഠ 11 മുതല്‍ 12 ലക്ഷം രൂപ പാക്കേജ്

ന്യൂഡല്‍ഹി: കൗമാരക്കാര്‍ക്ക് നാലുവര്‍ഷത്തെ ഹ്രസ്വകാല സൈനിക സേവനം അനുവദിക്കുന്നതുള്‍പ്പെടെ സൈനിക റിക്രൂട്ട്മെന്റില്‍ വിപ്ലവകരമായ തീരുമാനമെടുത്ത് കേന്ദ്രസര്‍ക്കാര്‍. വിരമിക്കുന്നത് വരെ അല്ലെങ്കില്‍ 20 വര്‍ഷമോ 15 വര്‍ഷമോ സേവനകാലം എന്ന നിലവിലെ വ്യവസ്ഥകള്‍ അടിമുടി പരിഷ്‌കരിച്ചു. ഹ്രസ്വകാലത്തേക്കും ഇനി സൈനിക സേവനത്തിനായി ചേരാം. 17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് നിയമനം. അഗ്‌നീപഥ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ നാല് വര്‍ഷത്തേക്കാണ് സൈനികരെ നിയമിക്കുക. ഇവര്‍ അഗ്‌നിവീര്‍ എന്നറിയപ്പെടും.

നാല് വര്‍ഷത്തിന് ശേഷം പിരിഞ്ഞുപോകാം. മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും. കര, നാവിക, വ്യോമസേനകളിലേക്ക് നിയമനമുണ്ടാവും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആണ് ഇക്കാരം അറിയിച്ചിരിക്കുന്നത്. ആറ് മാസ പരിശീലനത്തിന് ശേഷമാവും നാല് വര്‍ഷ നിയമനം. ഈ കാലയളവില്‍ 30,000 മുതല്‍ 40,000 വരെ ശമ്പളവും സൈനികര്‍ക്ക് ലഭിക്കും. ആരോഗ്യ ഇന്‍ഷൂറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരായിരിക്കും.

അടുത്ത 90 ദിവസത്തിനകം നിയമനം നടത്തുമെന്നും ജൂലായ് 2023 ഓടെ ആദ്യ ബാച്ച് സജ്ജമാകുമെന്നും രാജ്നാഥ് സിങ് അറിയിച്ചു. 45,000 പേരെയാണ് നാല് വര്‍ഷ സേവനത്തിനായി ഉടന്‍ റിക്രൂട്ട് ചെയ്യുക. പദ്ധതിയിലൂടെ യുവതലമുറയ്ക്ക് സൈന്യത്തില്‍ ചേരാന്‍ കഴിയും. പദ്ധതി ജിഡിപിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മിലിട്ടറി അഫയേഴ്സിനാണ് കൗമാരക്കാരായ സൈനികരുടെ കാര്യങ്ങള്‍ പരിപാലിക്കുക. ഇങ്ങനെയുള്ളവര്‍ക്ക് മറ്റ് മേഖലകളില്‍ ജോലി ലഭിക്കാനുള്ള സംവിധാനം സൈന്യം നേരിട്ട് ലഭ്യമാക്കും. കൗമാരക്കാരായ സൈനികരെ നേരിട്ട് യുദ്ധമുഖമല്ലാത്ത എല്ലാ മേഖലകളിലും നിയോഗിക്കും. നാലുവര്‍ഷം കൊണ്ട് ലഭിക്കുന്ന പരിശീലനം സാങ്കേതിക മികവും ധൈര്യവും രാജ്യസ്‌നേഹവും അച്ചടക്കവുമുള്ള യുവനിരയെ രാജ്യത്തിന് സമ്മാനിക്കും എന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. അഗ്‌നിവീര്‍ സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കുമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക. സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 11 മുതല്‍ 12 ലക്ഷം രൂപ പാക്കേജിലായിരിക്കും നാല് വര്‍ഷത്തിന് ശേഷം ഇവരെ പിരിച്ച് വിടുക. പക്ഷെ ഇവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാവില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനും മുന്നില്‍ രണ്ടാഴ്ച മുന്നേ അഗ്‌നിപഥ് പദ്ധതിയുമായ് ബന്ധപ്പെട്ട സേവന വേതന വ്യവസ്ഥയുടെ എല്ലാ തീരുമാനങ്ങളും സൈനിക ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചിരുന്നു. സ്ഥിര നിയമനം നടത്തുമ്പോള്‍ ഉണ്ടാവുന്ന അധിക സാമ്പത്തിക ബാധ്യതയും പെന്‍ഷന്‍ ബാധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറികടക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. പദ്ധതി വിജയിക്കുകയാണെങ്കില്‍ വാര്‍ഷിക പ്രതിരോധ ബജറ്റില്‍ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രാലയത്തിന്‍െ്‌റ കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: