NEWS

അപകടം വർദ്ധിക്കുന്നു; ഹൗസ് ബോട്ടുകളുടെ സുരക്ഷ ആര് പരിശോധിക്കും ?

ആലപ്പുഴ : കേരളത്തിന് നല്ല രീതിയിൽ വിദേശനാണ്യം നേടിക്കൊടുക്കുന്ന ഒന്നാണ് ആലപ്പുഴയിലെ ഹൗസ് ബോട്ടുകൾ.വിദേശികളുടെ മാത്രമല്ല സ്വദേശികളുടെയും പ്രിയപ്പെട്ട ഒന്നുതന്നെയാണ് കുട്ടനാടൻ കാഴ്ചകൾ കണ്ടുകൊണ്ട് കായൽപ്പരപ്പിലൂടെയുള്ള ഹൗസ് ബോട്ട് യാത്രകൾ.
എന്നാൽ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് പല ഹൗസ്ബോട്ടുകളും പ്രവർത്തിക്കുന്നത്.കഴിഞ്ഞ ദിവസം കന്നിട്ടെ ജെട്ടിയില്‍ നങ്കൂരമിട്ടിരുന്ന ഹൗസ് ബോട്ടിന്റെ അടിപലക ഇളകി വെള്ളം കയറി താഴ്ന്നു. ഇതിലെ സഞ്ചാരികളുടെ ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പുറത്തേക്ക് എടുക്കുന്നതിനിടെ കൈനകരി സ്വദേശി പ്രസന്നന്‍ മുങ്ങിമരിച്ചതാണ് ഒടുവിലത്തെ അപകടം. ഒരുമാസത്തിനുള്ളില്‍ നാല് ഹൗസ്‌ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. കാലപ്പഴക്കം ചെന്ന ഹൗസ് ബോട്ടുകള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പോലും ഇല്ലാതെയാണ് സവാരി നടത്തുന്നതെന്ന് പരാതിയുണ്ട്.
പരിശോധനാസംഘം നല്‍കിയ നോട്ടീസിന് പുല്ലു വിലയാണ് ഇവര്‍ നല്‍കിയത്. അനധികൃത ഹൗസ് ബോട്ടുകള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ ഹൈക്കോടതി തുറമുഖ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും നിര്‍ദ്ദേശങ്ങളും പാലിക്കുന്നതില്‍ ഉടമകള്‍ അലംഭാവം കാട്ടുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു കോടതിയുടെ ഇടപെടൽ.
വേമ്ബനാട്ട് കായലില്‍ 1500ല്‍ അധികം ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും 800ഓളം ബോട്ടുകള്‍ക്ക് മാത്രമാണ് ആവശ്യമായ രേഖകളുള്ളതത്രെ.കൃത്യമായ അറ്റകുറ്റപണികള്‍ നടത്താത്തതാണ് ദുരന്തങ്ങള്‍ക്ക് പലപ്പോഴും കാരണം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ഒരു പരിധിവരെ ഇവ ഒഴിവാക്കാന്‍ കഴിയും.
കായല്‍ സവാരിക്കിടെ അടിക്കടിയുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുന്ന അവസ്ഥയുണ്ട്. സുരക്ഷയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ജീവനക്കാരും ഉടമകളും സഞ്ചാരികളും അവഗണിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണം.

ലൈസന്‍സ് എടുക്കാതെ പരിശോധന സംഘത്തിന്റെ കണ്ണുവെട്ടിച്ച്‌ സര്‍വീസ് നടത്തുന്നവരുണ്ട്. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോലും മുഖം തിരിഞ്ഞു നിന്ന ഹൗസ് ബോട്ടുടമകള്‍ക്കെതിരെ ജില്ലാഭരണകൂടം നിയമ നടപടി സ്വീകരിച്ചപ്പോഴാണ് സഹകരിച്ചത്.വ്യക്തമായ രേഖകളും ഡ്രൈവര്‍ക്ക് ലൈസന്‍സുമില്ലാതെ സര്‍വീസ് നടത്തുന്നതായി അന്ന് വെളിച്ചത്തായെങ്കിലും തുടര്‍ നടപടി വെള്ളത്തില്‍ വരച്ച വര പോലെയായി.

Back to top button
error: